ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവത്തിന് വർണാഭ തുടക്കം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിൽസൻ ജോർജ് ഉദ്ഘാടനംചെയ്യുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ദാർസൈത്തിലെ ഐ. എസ്.സി ഹാളിൽ തുടക്കമായി. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളും മുതിർന്നവരുമായ എണ്ണൂറിലധികം കലാകാരന്മാർ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുക്കും.
നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന യുവജനോത്സവത്തിന്റെ ആദ്യ ഘട്ട മത്സരങ്ങൾ ഏപ്രിൽ 24, 25 തീയതികളിൽ ഐ.എസ്.സിയുടെ വിവിധ ഹാളുകളിൽ നടന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിത്സൻ ജോർജ്ജ് മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്തു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്കുമാർ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യൂത്ത് ഫെസ്റ്റിവൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളായ സൗഭാഗ്യ ശ്രീകുമാർ, പ്രാർഥന അനിലാൽ, അൽഫോൺസ് ആനി തോമസ്, വിസ്മയ വിനോദ്, തീർത്ഥ സുരേഷ്, ചിന്മയി നായർ, അമേയ അനീഷ് എന്നിവർ ഡാൻസ് മാസ്റ്റർ ഉണ്ണികൃഷണനൊപ്പം
കലാവിഭാഗം സെക്രട്ടറി മുജീബ് സ്വാഗതവും ജോയന്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു. മത്സരങ്ങളുടെ രണ്ടാം ഘട്ടം മേയ് രണ്ട്, മൂന്ന് തീയതികളിലായി ഇതേ ഹാളുകളിൽ നടക്കും. മത്സരങ്ങൾ കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്വദേശികളും പ്രവാസികളുമായ നിരവധിയായ കാണികൾ വേദികളിലേക്ക് ഒഴുകിയെത്തുന്നത് മത്സരാർഥികൾക്കും സംഘാടകർക്കും ഒരേപോലെ ആവേശം പകരുന്നതാണ്. കേരള സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾക്കുള്ള തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

