ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വി.എസിനെ അനുസ്മരിച്ചു
text_fieldsമസ്കത്ത്: കേരള മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ഒമാനിലെ സാമൂഹിക, കലാ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തകരായ നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി കെ.എം. ഷക്കീൽ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിങ് മുൻ മാനേജ്‌മെൻറ് കമ്മിറ്റിയംഗം കെ.കെ. സുനിൽകുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ, മലബാർ വിങ് കൺവീനർ നൗഷാദ് കക്കേരി, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, സെയ്ദ് സാക്കിബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
നവോത്ഥാന കേരളം ജന്മം കൊടുത്ത നിരവധിയായ സാമൂഹിക-രാഷ്ട്രീയ നേതാക്കളിൽ അവസാന കണ്ണിയാണ് വി.എസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരം പരുവപ്പെടുത്തിയ വി.എസിന്റെ രാഷ്ട്രീയ ജീവിതവും കേരളത്തിന്റെ നിസ്വ വർഗ- സ്ത്രീപക്ഷ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നടത്തിയ നിരന്തരമായ പോരാട്ടങ്ങളും സദസ് അനുസ്മരിച്ചു. ഭൂമി കൈയേറ്റത്തിനും പരിസ്ഥിതി നശീകരണത്തിനും എതിരായി അദേഹം നിയമ നടപടികളും സമരങ്ങളും കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ നേതാവായി അദ്ദേഹത്തെ മാറ്റിയെന്നും പ്രാസംഗികർ എടുത്തുപറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ പ്രവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം എടുത്ത നിലപാടുകളും യോഗം പ്രത്യേകം അനുസ്മരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുകയും പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതി ഏർപ്പെടുത്തുകയും ചെയ്തത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. ലോകമെമ്പാടും മലയാളഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷന് രൂപം കൊടുത്തതിനും മുഖ്യമന്ത്രി എന്ന നിലയിൽ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകി.
യോഗത്തിൽ ഒമാനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ അനു ചന്ദ്രൻ, ജയകിഷ് പവിത്രൻ, റജി തോമസ്, ഹക്കീം, സുധി പത്മനാഭൻ, കെ.എൻ. വിജയൻ, അംബുജാക്ഷൻ, കെ.വി.വിജയൻ രഞ്ജു അനു, സൗമ്യ വിനോദ്, രസിന നിധിഷ്, സോന ശശി, അനുപമ സന്തോഷ് തുടങ്ങിയവരും സംസാരിച്ചു.
കേരള വിങ് കൺവീനർ അജയൻ പെയ്യാറ അധ്യക്ഷത വഹിച്ചു.സാമൂഹിക വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗവും വനിത വിഭാഗം സെക്രട്ടറി ശ്രീജ രമേശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

