ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് ഇന്ത്യൻ സോഷ്യൽ ക്ലബ് സ്വീകരണം നൽകി
text_fieldsഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് ഇന്ത്യൻ സോഷ്യൽ ക്ലബ് നൽകിയ സ്വീകരണം
മസ്കത്ത്: 51ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് ഇന്ത്യൻ സോഷ്യൽ ക്ലബ് സ്വീകരണം നൽകി. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടിപർപസ് ഹാളിൽ നടന്ന സ്വീകരണത്തിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീം ഒട്ടേറെ ഉയരങ്ങളിൽ എത്തുമെന്നും ഒമാൻ ടീമുമായി കളിക്കാൻ കഴിഞ്ഞതിൽ ഇവിടെ വസിക്കുന്ന ഒാരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. കോച് സുനിൽ സി. മാത്യു ഇന്ത്യൻ ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
മാനേജർ എം.സി. റോയ് പ്രവർത്തനങ്ങൾ വിവരിച്ചു. കോച്ച്, മാനേജർ എന്നിവർക്ക് പുറമെ ഗോൾ കീപ്പർ, റഫറി, സൂപ്പർവൈസർ എന്നിവരും മലയാളികളായിരുന്നു. ടീമംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ വിതരണം ചെയ്തു. ടീമിെൻറ ഔദ്യോഗിക ജഴ്സി അംബാസഡർക്ക് ടീം അധികൃതർ കൈമാറി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളായ കരഞ്ജിത് സിങ്, സുഹൈൽ ഖാൻ, ഷക്കീൽ, എം.എസ്. നേഗി എന്നിവർ ആശംസകൾ നേർന്നു. സജി എബ്രഹാം നന്ദി പറഞ്ഞു.

