ഇന്ത്യൻ സോഷ്യൽ ക്ലബ് ‘ബുക്ക് ഫെസ്റ്റ് 2025’ന് ഇന്നു തുടക്കം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ‘ബുക്ക് ഫെസ്റ്റ് 2025’മായി ബന്ധപ്പെട്ട് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഇന്ത്യൻ എംബസിയുമായും അൽ ബാജ് ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തകോത്സവം ‘ബുക്ക് ഫെസ്റ്റ് 2025’ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മേയ് 14 മുതൽ 17 വരെ നടക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് പുസ്തകോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാഷനൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ. അലി സൗദ് അൽ ബിമാനി, കേണൽ അബ്ദുൽ വഹാബ് അബ്ദുൽ കരീം ഈസ അൽ ബലൂഷി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സെയ്ദ് അഹമ്മദ് സൽമാൻ, അൽ അൻസാരി ഗ്രൂപ് സി.ഇ.ഒ കിരൺ ആഷർ, ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രിൻസിപ്പൽ രാകേഷ് ജോഷി തുടങ്ങിയ ഒമാനിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കുചേരും.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികാഘോഷിക്കുന്നതന്റെ ഭാഗമായാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഉർദു തുടങ്ങിയ 12ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുൻനിര പുസ്തകവിതരണ സ്ഥാപനമായ അൽ ഭാജ് ബുക്സ് പ്രദർശനത്തിൽ പങ്കെടുക്കും. ഇന്ത്യൻ എംബസിയിൽനിന്നുള്ള പുസ്തകങ്ങളും പുസ്കോത്സവ വേദിയിൽ സൗജന്യമായി ലഭ്യമായിരിക്കും. ഒമാനെ കുറിച്ച് ഇന്ത്യക്കാരും ഇന്ത്യയെ പറ്റി ഒമാനികളും എഴുതിയ പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മഹത്തായ പരിപാടിയിലെ പങ്കാളിയാകുന്നത് വലിയൊരു ആദരവാണെന്ന് അൽ ബാജ് ബുക്സിന്റെ മാനേജിങ് ഡയറക്ടർ ഷൗഖത്തലി പറഞ്ഞു. പുസ്തകങ്ങൾ 50 ശതമാനം വരെ നിരക്കിളവുകളിൽ ലഭ്യമായിരിക്കുമെന്നും അദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, അൽ ബാജ് ബുക്സിന്റെ മാനേജിങ് ഡയറക്ടർ ഷൗഖത്തലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

