ഇന്ത്യൻ സോഷ്യൽ ക്ലബ് പുസ്തകോത്സവം സമാപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ പുസ്തകോത്സവത്തിന് സമാപനമായി. ദാർസൈത്തിലെ മൾട്ടി പർപസ് ഹാളിൽ നാലു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 8000ന് അടുത്ത് ആളുകളാണ് എത്തിയതെന്ന് സംഘാടകർ പറഞ്ഞു. ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസങ്ങളിലെ തിരക്കുകൾ പറയുന്നത്. പുസ്തകോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവർക്ക് സമാപനച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നല്ല തിരക്കാണ് സമാപനദിവസം അനുഭവപ്പെട്ടത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ പുസ്തകോത്സവ നഗരിയിൽ കഴിഞ്ഞദിവസം എത്തിയിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തിയ പുസ്തകോത്സവം ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്സുമായി സഹകരിച്ചായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വായനക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അൽ ബാജ് ബുക്സിന്റെ മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്ത് അലി പറഞ്ഞു. ഇംഗീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50,000ത്തിൽ അധികം പുസ്തകങ്ങളായിരുന്നു മേളയിൽ ഉണ്ടായിരുന്നത്. പുസ്കകങ്ങൾ പലതും 15 മുതൽ 50 ശതമാനംവരെ കഴിവിൽ ലഭിച്ചത് ഏറെ ഗുണകരമായെന്ന് സന്ദർശകർ പറഞ്ഞു. സാഹിത്യവുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ തുടങ്ങിയവയും പുസ്തകോത്സവ ഭാഗമായി നടന്നു. കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കളറിങ് മത്സരം, കവിതപാരായണം, ചെറുകഥരചന, പുസ്തക നിരൂപണം എന്നിവയും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

