ഇന്ത്യൻ സയൻസ് ഫോറം ശാസ്ത്ര പ്രതിഭകളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത് : ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ മത്സരത്തിൽ ഒമാനിലെ അഞ്ച് ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള ഏഴ് വിദ്യാർഥികൾ ജേതാക്കളായി. 2026ലെ ശാസ്ത്ര പ്രതിഭകളായാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്.ഒക്ടോബർ 16ന് ഓൺലൈനായി നടത്തിയ മത്സരത്തിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തുന്നതിനും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.
ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീറിലെ ജഗ്വി ഗണേഷ് ഷെട്ടി അഞ്ചാം ക്ലാസ് വിഭാഗത്തിലും ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ യശോവർധൻ മിശ്ര ആറാം ക്ലാസ് വിഭാഗത്തിലും ജേതാക്കളായി. ഏഴാം ക്ലാസ് വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലെ ആയുഷ് ത്രിവേദിയും ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ നബീല മുർതുസയും ഒന്നാം സ്ഥാനം പങ്കിട്ടു.ഇന്ത്യൻ സ്കൂൾ ബൗഷറിലെ രൂപവർധിനി വീരമണി, അനിക അഭിനവ് കുമാർ എന്നിവർ യഥാക്രമം എട്ട്, ഒമ്പത് ക്ലാസ് വിഭാഗങ്ങളിൽ ജേതാക്കളായി. ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിലെ നൈഷ പഹൂജ പത്താം ക്ലാസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
വിജയികളെ ഉടൻ പ്രത്യേക ചടങ്ങിൽ ആദരിക്കുമെന്ന് ഐ.എസ്.എഫ് സംഘാടക സമിതി അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അവരെ പിന്തുണച്ച സ്കൂളുകളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഫോറം അഭിനന്ദിച്ചു. ഐ.എസ്.എഫ് ഓണററി ചെയർമാൻ ഡോ. ജെ. രത്നകുമാർ, ജനറൽ സെക്രട്ടറി സുരേഷ് അക്കമ്മാടത്തിൽ, ജനറൽ കോഓഡിനേറ്റർ ലത ശ്രീജിത്ത്, ട്രഷറർ ഗാന്ധിരാജ്, പ്രോഗ്രാം കോഓഡിനേറ്റർ ഹാല പി. ജമാൽ എന്നിവരാണ് അറിയിപ്പ് നൽകിയത്.

