ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു
text_fieldsമസ്കത്ത്: വേനൽ അവധിക്കുശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. സീബ് ഇന്ത്യൻ സ്കൂളാണ് ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ തിങ്കളാഴ്ചയും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ ചൊവ്വാഴ്ചയുമാണ് തുറക്കുക. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ അടുത്ത മാസം നാലിന് തുറക്കും. മറ്റ് ഇന്ത്യൻ സ്കൂളുകളും അടുത്തയാഴ്ചയോടു കൂടി പൂർണമായി പ്രവർത്തിക്കാൻ തുടങ്ങും.
വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. ഇപ്പോൾ ഒമാനിൽ 40 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. അടുത്ത മാസത്തോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 36-40 നും ഇടക്കുള്ള താപനിലയാണ് അടുത്ത മാസാദ്യം അനുഭവപ്പെടുക. കനത്ത ചൂട് വിദ്യാർഥികളെ ബാധിക്കാനും സാധ്യതയുണ്ട്.
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ സ്കൂൾ പരിപാടി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷമായിരിക്കും. എല്ലാ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഏറെ പൊലിമയോടെ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തുറക്കുന്നതോടെ തന്നെ ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നടത്തുന്ന സാംസ്കാരിക കലാ പരിപാടികളുടെ പരിശീലനങ്ങളും മറ്റും ഇന്ത്യൻ സ്കൂളുകളിൽ വരും ദിവസങ്ങളിൽ നടക്കും. വേനലവധി അവസാനിക്കാനടുത്തതോടെ നാട്ടിൽ പോയ കുടുംബങ്ങളും തിരിച്ചെത്തിത്തുടങ്ങി. അവധി ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിൽ പോയവരും തിരിച്ചെത്തിയിരുന്നു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലും നഗരങ്ങളിലും സൂഖുകളിലും തിരക്ക് വർധിക്കാൻ തുടങ്ങി.
സ്കൂൾ വേനലവധിക്കാലത്ത് കുടുംബങ്ങൾ നാട്ടിൽ പോവുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങൾ പൊതുവെ വരണ്ട കാലമായാണ് വ്യാപാരികൾ കണക്ക് കൂട്ടുന്നത്. കുടുംബങ്ങൾ എത്തുമ്പോഴാണ് വ്യാപാര മേഖലക്ക് ഉണർവ് അനുഭവപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളും വർധിക്കുന്നതോടെ മാളുകൾക്കും പാർക്കുകൾക്കും കൂടുതൽ ജീവൻവെക്കും.
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ ബാക് ടു സ്കൂൾ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടക്കം എല്ലാം ഓഫറിൽ എത്തിയിട്ടുണ്ട്. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ പഠനോപകരണങ്ങളുടെ വിൽപനയും പൊടി പൊടിക്കുന്നുണ്ട്.
ക്ലാസ് കയറ്റം നേരത്തേ നടന്നിട്ടുണ്ടെങ്കിലും പൂർണരീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നത് ഇനിയുള്ള ദിവസങ്ങളിലായിരിക്കും. ഇത് മുന്നിൽ കണ്ടാണ് വ്യാപാരസ്ഥാപനങ്ങൾ പഠനോപകരണങ്ങൾക്കും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൂളുകൾ തുറക്കുന്നതോടെ റോഡുകളിലും തിരക്ക് വർധിക്കും. സ്കൂൾ ബസുകളും കുട്ടികളെ സ്കൂളുകളിൽ കൊണ്ടു പോവുന്ന രക്ഷിതാക്കളുടെ വാഹനങ്ങളും റോഡിലെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണം. രാവിലെയും ഉച്ചക്കുമാണ് തിരക്ക് കൂടുതലുണ്ടാവുക. ഇതിന്റെ ഭാഗമായി ഗതാഗതക്കുരുക്കുകളും അടുത്താഴ്ച മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

