കനത്ത ചൂട്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ക്ലാസുകൾ ഓൺലൈനാക്കി
text_fieldsമസ്കത്ത്: ഒമാനിൽ വേനൽച്ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ സുൽത്താനേറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് (ഗ്രേഡ് രണ്ട്) വരെയുള്ള കുട്ടികൾക്ക് അടുത്ത ഒരാഴ്ചത്തേക്ക് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിർദേശിച്ചു. ആഗസ്റ്റ് രണ്ടു മുതൽ ആറു വരെയാണ് ഈ താൽക്കാലിക ക്രമീകരണം.
സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയ നിർദ്ദേശപ്രകാരം, ചെറിയ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനായിരിക്കുമെങ്കിലും അധ്യാപകർ സാധാരണ പോലെ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സ്കൂൾ കാമ്പസിലിരുന്നായിരിക്കണം അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നയിക്കേണ്ടത്.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതിനെ തുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനത്തിലേക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് നീങ്ങിയത്.
കഠിനമായ ചൂടിൽ ചെറിയ കുട്ടികൾ സ്കൂളുകളിലേക്ക് യാത്ര ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന രക്ഷിതാക്കളുടെ ആശങ്ക ‘ഗൾഫ്മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ ആഗസ്റ്റ് ആറിനുശേഷം കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് (ഗ്രേഡ് രണ്ട്) വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ സാധാരണ പോലെ തുടരുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് അറിയിച്ചു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ജൂലൈ രണ്ടാം വാരത്തോടെ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. വർഷത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഒരു സമയത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ സ്കൂൾ ബോർഡിനും മസ്കത്തിലെ ഇന്ത്യൻ എംബസിക്കും നിവേദനം നൽകിയിരുന്നു.
ഒമാനിൽ പകൽ സമയത്തെ താപനില കുട്ടികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദീർഘനേരം ഇത്തരം കഠിനമായ ചൂടേൽക്കുന്നത് നിർജലീകരണം, കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, ഗുരുതരമായ സാഹചര്യങ്ങളിൽ സൂര്യാഘാതം എന്നിവക്ക് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ശരീരതാപനില ക്രമീകരിക്കുന്നതിനുള്ള ശേഷി കുറവായതിനാലും, ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ അവർക്ക് മുതിർന്നവരുടെ സഹായം വേണ്ടിവരുന്നതിനാലും കുട്ടികൾ കൂടുതൽ അപകടസാധ്യത നേരിടും.
ക്ലാസ് മുറികൾ എയർകണ്ടീഷൻ ചെയ്തതാണെങ്കിലും, സ്കൂളിലേക്കുള്ള യാത്രയിലും, സ്കൂൾ ബസുകൾക്കായി കാത്തുനിൽക്കുമ്പോഴും സ്കൂളിൽ എത്തുന്ന സമയത്തും തിരിച്ചു പോകുമ്പോഴും കുട്ടികൾ കനത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ ക്ലാസുകളിലെ മാത്രമല്ല, മറ്റു കുട്ടികളുടെയും ആരോഗ്യം മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിരോധ സമീപനം സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വേനൽച്ചൂടേറുന്നു; ബിദിയയിൽ 47.2 ഡിഗ്രി സെൽഷ്യസ്!
മസ്കത്ത്: വേനൽച്ചൂട് അതികഠിനമായി തുടരുന്ന ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ബിദിയയിൽ രേഖപ്പെടുത്തി; 47.2 ഡിഗ്രി സെൽഷ്യസ് ! സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ശനിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, സുൽത്താനേറ്റിന്റെ ഉൾപ്രദേശങ്ങളിൽ പലയിടങ്ങളിലും കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. ഹംറ ദുരൂ, ഖുറിയാത്ത് എന്നിവിടങ്ങളിൽ 47.0 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സുനൈനയിൽ 46.9 ഡിഗ്രി സെൽഷ്യസും ദിബ്ബ, മഖ്ഷിൻ, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിൽ 46.7 ഡിഗ്രി സെൽഷ്യസ് വീതവും ചൂട് അനുഭവപ്പെട്ടു. അൽ ഖാബിലിൽ 46.6 ഡിഗ്രി സെൽഷ്യസാണ് താപനില. തീരദേശ-സമതല മേഖലകളിലും സ്ഥിതി സമാനമാണ്. ബർക്കയിൽ 46.4 ഡിഗ്രി സെൽഷ്യസും ലിവയിൽ 46.2 ഡിഗ്രി സെൽഷ്യസും ബിദ്ബിദിൽ 46.1 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

