ഇന്ത്യൻ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്; പരീക്ഷാരീതിയിൽ ആശങ്കയുമായി വിദ്യാർഥികൾ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ നേരത്തെ ഓഫ്ലൈൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ ആദ്യദിവസം ഏഴ് മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ്ലൈൻ ക്ലാസുകൾ നടന്നിരുന്നു. എന്നാൽ, ഇന്നലെ എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറി. വാദീ കബീർ ഇന്ത്യൻ സ്കൂൾ ശൈത്യകാല അവധിക്ക് ശേഷം ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. അതിനാൽ രക്ഷിതാക്കൾക്ക് ഇതുസംബന്ധമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സീബ് ഇന്ത്യൻ സ്കൂൾ അവധി കഴിഞ്ഞ് തുറന്നത് മുതൽതന്നെ നേരിട്ടുള്ള ക്ലാസുകളും പരീക്ഷയും നടത്തിയിരുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനാണ് സാധ്യത.
വീണ്ടും ഓൺലൈൻ രീതിയിയിലേക്ക് മാറിയതോടെ 10, 12 ക്ലാസുകളിലെ പരീക്ഷ സംബന്ധമായ അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ലാസുകളിൽ സി.ബി.എസ്.ഇ പബ്ലിക് പരീക്ഷ നടക്കുമോ എന്നതടക്കമുള്ള നിരവധി ആശങ്കകളാണ് വിദ്യാർഥികൾക്കും രഷിതാക്കൾക്കും അധ്യാപകർക്കുമുള്ളത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് അടുത്തമാസം മുതൽ പ്രാക്ടിക്കൽ പരീക്ഷയും മാർച്ചിൽ പൊതു പരീക്ഷയുമാണ് നടക്കേണ്ടത്. എന്നാൽ, പൊതുപരീക്ഷ നടക്കുകയാണെങ്കിൽ പരീക്ഷക്ക് വരുന്ന ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നതിന് വ്യക്തമായ അറിയിപ്പൊന്നും അധികൃതരിൽനിന്ന് ലഭിച്ചിട്ടില്ല. ഇതാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും വലക്കുന്നത്. പരീക്ഷാ രീതിക്കനുസരിച്ചുള്ള കോച്ചിങ്ങാണ് കുട്ടികൾക്ക് നൽകേണ്ടത്. സാധാരണ പരീക്ഷക്ക് ഒറ്റവാക്കിലും വിശദമായും ഉത്തരമെഴുതുന്ന രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്. ഇതിന് രണ്ടിലും വ്യത്യസ്ത രീതിയിലുള്ള കോച്ചിങ്ങുകളാണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് അധ്യാപകർ പറയുന്നു.
മാർച്ചിൽ നടക്കുന്ന പൊതുപരീക്ഷ ഏത് രീതിയിലുള്ളതാണെന്ന് വ്യക്തമായാൽ മാത്രമേ ആ രീതിൽ കോച്ചിങ് നൽകാൻ കഴിയുകയുള്ളൂവെന്ന് അധ്യാപകർ പറയുന്നു. പൊതു പരീക്ഷക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത് സംബന്ധമായ അറിയിപ്പുകൾ ലഭിക്കാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് പ്ലസ് ടു ക്ലാസിലെ രക്ഷിതാക്കളും ഭയക്കുന്നു.ഡിസംബറിൽ കുട്ടികൾക്കായി സി.ബി.എസ്.സി ട്രയൽ പരീക്ഷ നടത്തിയിരുന്നു. പൊതുപരീക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പൊതുപരീക്ഷ നടത്തിയത്. മാർച്ചിൽ പരീക്ഷ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ പരീക്ഷയുടെ മാർക്കും അന്തിമ മാർക്ക് ലിസറ്റിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. ഈ പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഒറ്റവാക്കിൽ ഉത്തരം എഴുതുന്ന രീതിയാണ് അവലംഭിച്ചത്. മാർച്ചിൽ നടക്കുന്ന പരീക്ഷക്കും ഇതേ രീതി തന്നെയാണോ അവംലബിക്കുകയെന്ന് വ്യക്തമല്ല. ട്രയൽ പരീക്ഷയിലെ ചോദ്യങ്ങൾ ഗണിതം, ഊർജതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രയാസകരമായിരുന്നുവെന്നാണ് വിദ്യാർഥികൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

