ഇന്ത്യന്‍ സ്കൂള്‍ പ്രവേശന രജിസ്ട്രേഷന്‍ ഞായറാഴ്ച മുതല്‍
text_fieldsമസ്കത്ത്: തലസ്ഥാന മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം എട്ട് മുതല്‍ സ്വീകരിച്ചു തുടങ്ങും. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തലസ്ഥാന മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുന്നത്. അടുത്ത മാസം 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍, ദാര്‍സൈത്ത്, വാദികബീര്‍, അല്‍ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യന്‍ സ്കൂളിലെ കെ.ജി മുതല്‍ ഒമ്പത് വരെയുള്ള ക്ളാസുകളിലേക്കുള്ള അപേക്ഷകളാണ് ഞായറാഴ്ച മുതല്‍ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച ശേഷം അവയുടെ പകര്‍പ്പെടുത്ത് തലസ്ഥാന മേഖലയിലെ ഏതെങ്കില്‍ ഇന്ത്യന്‍ സ്കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫീയും അപ്പോഴാണ് അടക്കേണ്ടത്.
സ്കൂളുകളില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. എന്നാല്‍, പ്രതീക്ഷിക്കുന്ന സീറ്റുകളുടെ എണ്ണവും മറ്റും സ്കൂള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സ്കൂളുകളിലെ ഒഴിവുകള്‍ ശേഖരിച്ചുവരുന്നതായി മാനേജ്മെന്‍റ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയാണ് അഡ്മിഷന്‍ സൈറ്റുകള്‍ തുറക്കുന്നത്. മറ്റു വിവരങ്ങള്‍ അത് മുതലാണ് ലഭ്യമാവുക. ഈ വര്‍ഷവും പ്രവേശനരീതി കഴിഞ്ഞവര്‍ഷത്തെ പോലെയാവുമെന്നും അധികൃതര്‍ പറയുന്നു. ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അഡ്മിഷന്‍ നല്‍കുക. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ അധ്യയന വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ പത്തു ശതമാനം അപേക്ഷകര്‍ കുറവായിരുന്നു. അതിനാല്‍, കഴിഞ്ഞവര്‍ഷം അഡ്മിഷന് വലിയ പ്രയാസം നേരിട്ടിരുന്നില്ല. അപേക്ഷിച്ച എല്ലാവര്‍ക്കും രണ്ടാം അലോട്ട്മെന്‍റില്‍ തന്നെ പ്രവേശനം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം ഈ വര്‍ഷവും അപേക്ഷകരുടെ എണ്ണം കുറയാനാണ് സാധ്യത.
നിരവധി പേര്‍ക്ക് ജോലി പ്രതിസന്ധിയിലാണ്. ഇടക്കുള്ള കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ പലരും അധ്യയന വര്‍ഷാരംഭം മുതല്‍ തന്നെ ടി.സി വാങ്ങി പോവാനും സാധ്യതയുണ്ട്. മുതിര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇത് എത്ര വരുമെന്ന് ഏപ്രിലോടെയാണ് വ്യക്തമാവുക. നിലവിലുള്ള അവസ്ഥയില്‍ മുതിര്‍ന്ന ക്ളാസുകളില്‍ പുതിയ അഡ്മിഷന്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍, കെ.ജി മുതല്‍ ഒന്നാം ക്ളാസുവരെ അഡ്മിഷനില്‍ കുറവുണ്ടാവാന്‍ സാധ്യതയില്ല. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും www.indianschools.oman.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
