മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ വാർഷിക ദിനാഘോഷം നടന്നു. മൾട്ടിപർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ സ്കൂൾ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് സാബിർ റാസാ ഫൈസി മുഖ്യാതിഥിയും സ്കൂൾ എസ്.എം.സി പ്രസിഡൻറ് ജെ. അജയകുമാർ വിശിഷ്ടാതിഥിയുമായിരുന്നു. മുഖ്യാതിഥിയും വിശിഷ്ടാതിഥിയും വിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സീനിയർ സെക്ഷൻ വിദ്യാർഥികളായ സംയുക്ത സത്യനും ധൻവി ഭരദ്വാജും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂളിൽ 10 മുതൽ 30 വർഷം വരെ സേവനം പൂർത്തിയാക്കിയവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മൈതാനിയിലെ മതിലുകളിൽ ചിത്രങ്ങൾ രചിച്ചവർ, ട്രാൻസ്പോർട്ട് ടാസ്ക്ഫോഴ്സ് അംഗങ്ങൾ, സ്കൂൾ ക്യാപ്റ്റൻ-വൈസ് ക്യാപ്റ്റന്മാർ, സ്റ്റുഡൻറ് കൗൺസിൽ അംഗങ്ങൾ എന്നിവരെയും ആദരിച്ചു.
തുടർന്ന് വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ നൃത്ത സംഗീത പരിപാടികൾ നടന്നു. ഹെഡ്ഗേൾ അലീന തോമസ് സ്വാഗതവും ഹെഡ് ബോയ് ദിവ്യ സോണി നന്ദിയും പറഞ്ഞു.