ഇന്ത്യൻ സ്കൂൾ വാദികബീർ സ്പോർട്സ് മീറ്റ്
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദികബീർ വാർഷിക സ്പോർട്സ് മീറ്റും ഡ്രിൽ ഡിസ്പ്ലേയും സംഘടിപ്പിച്ചു. ഒമാൻ സാംസ്കാരിക, കായിക യുവജന മന്ത്രാലയം സ്പോർട്സ് ആക്റ്റിവിറ്റി ഡയറക്ടർ സമീറ അൽ ഷിക്കിലി മുഖ്യാതിഥിയായി. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ മേളയായതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയായിരുന്നു വിദ്യാർഥികൾ മാറ്റുരച്ചത്. മാർച്ചിങ് ട്രോഫി, ചാമ്പ്യൻസ് ട്രോഫി, അത്ലറ്റിക് ട്രോഫി എന്നിവ അശോക ഹൗസ് സ്വന്തമാക്കി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അൽകേഷ് ജോഷി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ മറ്റു വിശിഷ്ട അംഗങ്ങൾ, പ്രിൻസിപ്പൽ ഡി.എൻ. റാവു, വൈസ് പ്രിൻസിപ്പൽമാർ, വിവിധ വകുപ്പ് മേധാവികൾ, കോഓഡിനേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സീനിയർ ഹെഡ് ഗേൾ ഗായത്രി ഹരി സ്വാഗത പ്രസംഗം നടത്തി.
സ്കൂളിലെ സീനിയർ, ജൂനിയർ ഹെഡ് കൗൺസിലുകളോടൊപ്പം അക്ബർ, അശോക, ടാഗോർ, വിവേകാനന്ദൻ എന്നീ നാല് ഹൗസുകളിലെ സംഘങ്ങളും മുഖ്യാതിഥിക്ക് സല്യൂട്ട് നൽകി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ആറു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ അഭ്യാസ പ്രകടനവും നടന്നു. ഇന്ത്യൻ സ്കൂൾ ഗൂബ്ര, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ്, ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ വാദികബീർ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളും നടന്നു. സമാപന ചടങ്ങിൽ ഹെഡ് ബോയ് ലേൽ ആൽവ സ്കൂൾ പതാക മുഖ്യാതിഥിക്ക് കൈമാറി.സീനിയർ സ്പോർട്സ് കോഓഡിനേറ്റർമാരായ മിസ് ജോവാന വർഗീസും കൃഷ്ഷാങ്ങും നന്ദി പറഞ്ഞു. സ്കൂൾ ബാൻഡിന്റെ വാദ്യമേളങ്ങളോടെയാണ് പരിപാടിക്ക് സമാപനമായത്.

