പരാധീനതകൾക്കിടയിൽ ഇന്ത്യൻ സ്കൂൾ തുംറൈത്ത് 15ാം വാർഷികം ആഘോഷിക്കുന്നു
text_fieldsഇന്ത്യൻ സ്കൂൾ തുംറൈത്ത്
സലാല: സ്കൂളിന് സ്വന്തമായ കെട്ടിടമെന്നത് ഇനിയും പൂർത്തീകരിക്കാനാവാതെ സലാലക്കടുത്തുള്ള തുംറൈത്ത് ഇന്ത്യൻ സ്കൂൾ 15 വർഷം പൂർത്തിയാക്കുന്നു. മരുഭൂമിയുടേ തുടക്കമായ തുംറൈത്ത് എന്ന കൊച്ചു പ്രദേശത്തെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 2011ലാണ് സ്കൂൾ തുടങ്ങുന്നത്. സ്കൂളിനാവശ്യമായ സ്ഥലത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് തുംറൈത്ത് നിവാസികൾ. ഇന്ത്യൻ സ്കൂൾ ബോർഡും വിദ്യാഭ്യാസ മന്ത്രാലയവും കനിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വാടക കെട്ടിടത്തിലും റസിഡൻഷ്യൽ ഏരിയയിലുമായാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് ദൈനം ദിന പ്രവർത്തനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പ്രവാസികളുടെ കുട്ടികളുടെ അടിസ്ഥാന ആവശ്യമായ സ്കൂളിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പ്രവാസി വ്യവസായികൾ ആരെങ്കിലും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് റസൽ മുഹമ്മദ് പറഞ്ഞു. വാർഷികാഘോഷം ഫെബ്രുവരി 12ന് രാത്രി 7.30ന് തുംറൈത്ത് വാലി ഓഫിസ് ഓഡിറ്റോറിയത്തിൽ നടക്കും. തുംറൈത്ത് ഡെപ്യൂട്ടി വാലി ഷെയ്ഖ് ഹൈത്തം സാലം ഗരീബി മുഖ്യാതിഥിയായിരിക്കും. ദോഫാർ സ്വകാര്യ സ്കൂൾ വിഭാഗം ഡയറക്ടർ ഡോ. അബ്ദുല്ല സഈദ് ഗവാസ്, ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടർ അംഗം നിധീഷ് കുമാർ, എജുക്കേഷനൽ അഡ്വൈസർ എം.പി. വിനോബ, സലാലയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘവും രൂപവത്കരിച്ചിട്ടുണ്ട്. തുംറൈത്ത് ആസ്ഥാനമായി വിപുലമായ ഇൻഡസ്ട്രിയൽ പാർക്ക് നിർമിക്കാൻ കഴിഞ്ഞ ദിവസം സൗദി ഇൻ വെസ്റ്റ്മെന്റ് അതോറിറ്റിയുമായി മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.
പദ്ധതി യാഥാർഥ്യമായാൽ നൂറു കണക്കിന് പ്രവാസി കുടുംബങ്ങളാണ് തുംറൈത്തിലേക്ക് ചേക്കേറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

