ആവേശത്തിരയിളക്കി ഇന്ത്യൻ സ്കൂൾ ടാലൻറ് ഫെസ്റ്റ് കൊടിയിറങ്ങി
text_fieldsഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്കൂൾ
ടാലന്റ് ഫെസ്റ്റിൽ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം
മബേല: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ ടാലന്റ് ഫെസ്റ്റ് നവംബർ 13, 14 തീയതികളിൽ ഇന്ത്യൻ സ്കൂൾ അൽ മബേലയിൽ നടന്നു. ഒമാനിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 22 ഇന്ത്യൻ സ്കൂളിലെ 2600ലധികം വിദ്യാർഥികൾ 33 മത്സര ഇനങ്ങളിലായി ആവേശത്തോടെ പങ്കെടുത്ത കലാമാമാങ്കത്തിൽ ഇന്ത്യൻ സ്കൂൾ സലാല ഒന്നാമതും ഇന്ത്യൻ സ്കൂൾ അൽ മബേല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നൃത്തം, സംഗീതം, സാഹിത്യം, ചിത്രരചന, മൂകാഭിനയം, തെരുവുനാടകം എന്നിങ്ങനെ 33 ഇനങ്ങളിലാണ് വാശിയേറിയ മത്സരം നടന്നത്. മത്സരയിനങ്ങൾക്കുപുറമേ യുനീക്ക് ടാലന്റ് റെക്കഗ്നിഷൻ, സെന്റർ ഫോർ കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ വിദ്യാർഥികൾ അവതരിപ്പിച്ച വണ്ടർ വീവേഴ്സ് ടാലന്റ് എന്നിവയും സ്കൂൾ ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യൻ സ്കൂൾ അൽ മബേലയിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ലോയ് ഖാലിദ് ബാ മഖലീഫ് മുഖ്യാതിഥിയും ഇബ്രാഹിം അൽ ബുസൈദി വിശിഷ്ടാതിഥിയുമായി. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, മബേല സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
സമാനതകളില്ലാത്ത കലാമത്സരങ്ങൾക്കാണ് രണ്ടുദിവസം മബേലസ്കൂൾ സാക്ഷ്യം വഹിച്ചത്. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കുശേഷം കേരളത്തിലെ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കാണാറുള്ള വീറും വാശിയോടെയുമാണ് ഒമാനിലെ വിദ്യാർഥികൾ വേദികളിൽ മത്സരിച്ചത്. ആവേശം അലതല്ലിയ കലോത്സവത്തിന്റെ സമാപനചടങ്ങിൽ മുഖ്യാതിഥിയായി ഒമാൻ തൊഴിൽസുരക്ഷ, ആരോഗ്യ മന്ത്രാലയം അസി. ഡയറക്ടർ എഞ്ചിനീയർ സക്കരിയ ഖാമിസ് അൽ സാദിയും വിശിഷ്ടാതിഥിയായി ഇന്ത്യൻ എംബസിയിലെ കൗൺസിലർ (ചാൻസറി മേധാവി) പർദീപ് കുമാറും പങ്കെടുത്തു. കൃഷ്ണേന്ദു എസ്. സ്വാഗതം പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഹർഷേന്ദു ഷാ അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ വിദ്യാർഥികൾ അവതരിപ്പിച്ച ആകർഷകമായ ചൈനീസ് ഓറിയന്റൽ നൃത്തം ചടങ്ങിന് മാറ്റേകി. വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ അൽ മബേല മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഷമീം ഹുസൈൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

