ഇന്ത്യൻ സ്കൂൾ സൂർ വാർഷികാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ സൂറിന്റെ 37ാം വാർഷികാഘോഷത്തിൽനിന്ന്
സൂർ: ഇന്ത്യൻ സ്കൂൾ സൂറിന്റെ 37 ാം വാർഷികം ആഘോഷപൂർവം സംഘടിപ്പിച്ചു. പുതുതായി ഉദ്ഘാടനം ചെയ്ത അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടിപർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ സി പ്രൈഡ് സി.ഇ.ഒയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മുൻ പ്രസിഡന്റുമായ മുഹമ്മദ് അമീൻ സേട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ സൂർ ഡയറക്ടർ ഇൻ ചാർജുമായ കൃഷ്ണേന്ദു എസ് വിശിഷ്ടാതിഥിയായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, കൺവീനർ ഷബീബ് മുഹമ്മദ്, അക്കാദമിക് ആൻഡ് പബ്ലിക് റിലേഷൻസ് സബ്-കമ്മിറ്റി ചെയർമാൻ ഡോ. പ്രദീപ് കുമാർ എ.വി, ഗ്രീവൻസ് സബ്-കമ്മിറ്റി ചെയർമാൻ പ്രമോദ് വേലായുധൻ നായർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
അക്കാദമിക നേട്ടങ്ങൾ, അടിസ്ഥാന സൗകര്യ പുരോഗതി തുടങ്ങിയവ ഉൾക്കൊള്ളുന്ന വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ അവതരിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് സ്കൂളിന്റെ സ്ഥിരമായ വളർച്ചക്ക് പിന്നിലെന്ന് മുഖ്യാതിഥി മുഹമ്മദ് അമീൻ സേട്ട് ചൂണ്ടിക്കാട്ടി. മികച്ച വിദ്യാർഥികളെയും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകരെയും ആദരിച്ചു. സ്റ്റുഡന്റ് ഓഫ് ദ ഇയർ പുരസ്കാരം പ്ലസ് ടു വിദ്യാർഥിയായ ഇഷാന്ത് കുമാറിന് സമ്മാനിച്ചു. സ്കൂൾ ഗാനം രചിച്ച അക്കാദമിക് സൂപ്പർവൈസർ ഡോ. പ്രദീപ് ആർ.വി, സംഗീതം ഒരുക്കിയ ബി. ഉണ്ണികൃഷ്ണൻ എന്നിവരെ അനുമോദിച്ചു. ഹെയർ ബൺ ചുറ്റി ഹൂലാഹൂപ് ചെയ്ത് റോളർ സ്കേറ്റിങ് നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഏഴാം ക്ലാസ് വിദ്യാർഥിനി ശിവന്യ പ്രശാന്തിനെ ആദരിച്ചു.
പരിപാടിയിൽ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സൂറിന് എട്ട് പുതിയ കമ്പ്യൂട്ടറുകൾ സംഭാവന ചെയ്തതായി പ്രഖ്യാപിച്ചു. സാംസ്കാരിക പരിപാടിയിൽ ‘തേജോമയ’ നൃത്തം അരങ്ങേറി. ഹെഡ്ബോയ് ഇശാന്ത് കുമാർ സ്വാഗതവും ഹെഡ് ഗേൾ ജനകി അനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

