വർണാഭമായി ഇന്ത്യൻ സ്കൂൾ സൂർ വാർഷികാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ സൂർ 34ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ക് മുഖ്യാതിഥിയായി. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ഫിനാൻസ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ സൂറിന്റെ ചുമതലയുള്ള ഡയറക്ടറുമായ അശ്വനി സവാരിക്കർ വിശിഷ്ടാതിഥിയുമായി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്നവേഷൻ ആൻഡ് സയന്റിഫിക് ഒളിമ്പ്യാഡ് ഡിപ്പാർട്മെന്റ് മേധാവി ഖാലിദ് ജുമാ അൽ അറൈമി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭൂമി വകുപ്പ് മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അമീൻ, കൺവീനർ ജാമി ശ്രീനിവാസ് റാവു, ട്രഷറർ അഡ്വ. ടി.പി. സഈദ്, അംഗം എ.വി. പ്രദീപ് കുമാർ എന്നിവരുടെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി.
മസ്കത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാജീവ് കുമാർ ചൗഹാൻ, ഐ.എസ്.എ.എം പ്രിൻസിപ്പൽ പ്രഭാകരൻ, ഇന്ത്യൻ സ്കൂൾ ജഅലാനിലെ ബേബി ഷീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാഡസഡർ അമിത് നാരങ്ക് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി അതിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ പ്രതിഫലനമാണെന്ന് അശ്വനി സവാരിക്കർ പറഞ്ഞു.
കഷ്ടപ്പാടിലൂടെ മാത്രമേ ഒരാൾക്ക് വിജയം കൈവരിക്കാൻ കഴിയൂ എന്ന് അവർ വിദ്യാർഥികളെ ഓർമിച്ചു. എസ്.എം.സി പ്രസിഡന്റ് മുഹമ്മദ് അമീൻ വിശിഷ്ടാതിഥികളെ സ്വാഗതംചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ, 2022-23 വർഷത്തെ അക്കാദമിക്, പാഠ്യപ്രവർത്തനങ്ങളിലെ നേട്ടങ്ങൾ വിശദീകരിക്കുന്ന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മുഖ്യാതിഥികൾ സമ്മാനിച്ചു. ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ അവാർഡ് പന്ത്രണ്ടാം ക്ലാസിലെ മാസ്റ്റർ അസൈൻ ഖാലിദിന് സമ്മാനിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച നാല് എ ക്ലാസിലെ ശിവന്യ പ്രശാന്തിന് പ്രത്യേക ഉപഹാരവും കൈമാറി. സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ടോപ്പർമാർ, സബ്ജക്ട് ടോപ്പർമാർ, ക്ലാസ് ടോപ്പർമാർ, സയൻസ് ഒളിമ്പ്യാഡ് അവാർഡുകൾ, ഐ.എസ്.എഫ്.എഫ്, എക്സിബിഷൻ വിജയികൾ, ഓവറോൾ ഹൗസ് ചാമ്പ്യൻ ട്രോഫികൾ എന്നിവ വിദ്യാർഥികൾക്ക് സമ്മാനിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ജാമി ശ്രീനിവാസ് റാവു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

