ഇന്ത്യൻ സ്കൂളുകൾ വേനലവധിയിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വേനലവധിയിലേക്ക് നീങ്ങുന്നു. അടുത്തയാഴ്ച മുതൽ ഇന്ത്യൻ സ്കൂളുകളിൽ വേനലവധി ആരംഭിക്കും. ഇതോടെ സ്കൂളും പരിസരവും ശബ്ദ രഹിതമാവും. സ്കൂൾ അടക്കുന്നതോടെ മസ്കത്ത് മേഖലയിലെ റോഡുകളിലും തിരക്ക് കുറയും. സ്കൂൾദിനങ്ങളിൽ രാവിലെ വൻ തിരക്കാണ് മസ്കത്ത് മേഖലകളിലെ റോഡുകളിൽ അനുഭവപ്പെടാറുള്ളത്. ദാർസൈത്ത് മേഖലയിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. അടുത്ത രണ്ടു മാസം റോഡുകൾ ഒഴിഞ്ഞുകിടക്കും.
സ്കൂളുകൾ അടക്കുന്നതോടെ കുട്ടികളും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇതോടെ വ്യാപാരം അടക്കമുള്ള വിവിധ മേഖലയിൽ മാന്ദ്യത അനുഭവപ്പെടും. ചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. കടുത്ത ചൂട് കാരണം പൊതുജനങ്ങൾ പകൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ്.
ഇത് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പകൽ തിരക്ക് കുറയാൻ കാരണമായി. കോവിഡ് പ്രതിസന്ധി കഴിഞ്ഞതോടെ ഈ വർഷം സ്റ്റേജ് പരിപാടികളും കലാ-കായിക കൂട്ടായ്മകളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലം മുതൽ ചെറിയ സംഘടനകൾ പോലും ആഘോഷങ്ങളും സ്റ്റേജ് പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള നിരവധി കലാകാരന്മാർ ഒമാനിൽ സ്റ്റേജ് പരിപാടിക്കായി എത്തുകയും ചെയ്തിരുന്നു. ഇതോടെ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് കലാ മേഖല തിരിച്ചെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇനിയുള്ള രണ്ട് മാസങ്ങൾ സ്റ്റേജ് പരിപാടികൾക്കും അവധിക്കാലമാണ്. സ്കൂൾ അടക്കുന്നതോടെ കുട്ടികൾക്കുള്ള വേനൽക്കാല പരിപാടികൾ മാത്രമാണ് നടക്കുക. കടുത്ത ചൂടിനൊപ്പം കുട്ടികളും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നതും ഇത്തരം പരിപാടികളുടെ വിജയസാധ്യത കുറക്കും. ഇതിനാൽ ഇനി രണ്ടു മാസത്തേക്ക് കലാ സ്റ്റേജുകളുടെ തിരശ്ശീല താഴ്ന്നിരിക്കും. ഓണത്തോടെയാണ് ഇനി വീണ്ടും സ്റ്റേജുകളും കലാ പരിപാടികളും സജീവമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

