ആഘോഷപ്പൊലിമയിൽ ഇന്ത്യൻ സ്കൂൾ സീബ് വാർഷികം
text_fieldsഇന്ത്യൻ സ്കൂൾ സീബ് വാർഷികാഘോഷത്തിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ സീബിന്റെ 23ാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറും ഇപ്പോൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറുമായ ഡോ. അലി സൗദ് അൽ ബിമാനി മുഖ്യാതിഥിയായി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് സലിം അൽ അബ്രി, മുഹമ്മദ് സലിം അൽ ഹമദാനി എന്നിവർ വിശിഷ്ടാതിഥികളും സിദ്ധിക്കാ അബ്ദുൽ മജീദ അൽ ലവാത്തിയ പ്രത്യേകാതിഥിയുമായി.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന വിദഗ്ധർ, ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൽ ധനകാര്യവിഭാഗം ഡയറക്ടറും ഇന്ത്യൻ സ്കൂൾ സീബിന്റെ പ്രത്യേക ചുമതല വഹിക്കുന്ന വിശിഷ്ടാംഗവുമായ പി. പി. നിധീഷ് കുമാർ, ഒമാനിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സീബ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ രാമൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ മറ്റു വിശിഷ്ടാംഗങ്ങൾ, മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
സ്കൂൾ ഗായക സംഘം ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചത്തോടെ വാർഷികാഘോഷപരിപാടികൾക്ക് തുടക്കമായി. 2024 -25 അധ്യയന വർഷത്തിലെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങളെയും മികച്ച പ്രകടനങ്ങളെയും വിശദമാക്കി സ്കൂൾ പ്രിൻസിപ്പൽ അലക്സ്. സി. ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഠനരംഗത്തും കായികരംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ആദരിച്ച് മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ചേർന്ന് അവാർഡുകൾ നൽകി.
ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന വിദ്യാർഥികളിൽനിന്ന്, കലാകായിക മേഖലകളിലും അക്കാദമിക തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അർഹമായ വിദ്യാർഥികളെ ആദരിച്ച് പാരിതോഷികങ്ങൾ നൽകി.
ഹോക്കി, ഹാൻഡ് ബാൾ, ചെസ്സ് എന്നീ കായിക ഇനങ്ങളിൽ സി.ബി.എസ്.ഇ ദേശീയതല മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച് വെച്ച വിദ്യാർഥികൾക്കും വേൾഡ് ടീൻ പാർലമെന്റ് മത്സരത്തിൽ വിജയികളായ സീബ് സ്കൂൾ വിദ്യാർഥികൾക്കും പാരിതോഷികങ്ങൾ നൽകി.
കഴിഞ്ഞ അധ്യയന വർഷത്തിൽ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികൾക്കും സമ്മാനം വിതരണം ചെയ്തു. കലാകായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹമായ ബ്ലൂ ഹൗസ്, റെഡ് ഹൗസ് ടീമുകൾക്ക് ഓവർ ഓൾ ട്രോഫികൾ സമ്മാനിച്ചു .
ദീർഘകാല സേവനം അനുഷ്ഠിച്ചു പോരുന്ന ജീവനക്കാർക്കും എല്ലാ അധ്യയന ദിവസങ്ങളിലും അവധി രഹിത സേവനം അനുഷ്ഠിച്ച ജീവനക്കാർക്കും ഒമാൻ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന നവീൻ ആഷർ കാസി അവാർഡ് ജേതാക്കളായ സീബ് സ്കൂളിലെ അധ്യാപകർക്കും കഴിഞ്ഞ അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പൊതുപരീക്ഷയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറു ശതമാനം മാർക്ക് നേടിയ വിദ്യാർഥികളെ പരിശീലിപ്പിച്ച അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വൈവിധ്യവും വർണപ്പകിട്ടുമാർന്ന കലാപ്രകടനങ്ങൾ ഏവരുടെയും പ്രശംസകൾ ഏറ്റുവാങ്ങി . വിശ്വപ്രസിദ്ധ നാടകകൃത്തായ ഷേക്സ്പിയറുടെ കഥാപാത്രമായ ഷെർലോക് ഹോംസിന്റെ ആഗോള യാത്രയിൽ അനുഭവ വേദ്യമായ ദൃശ്യകലാരൂപങ്ങളുടെ ആവിഷ്കാരമായിട്ടായിരുന്നു കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറിയത്.
ചൈനീസ് ഡ്രാഗൺ ഡാൻസ്, ബ്രസീലിയൻ കാർണിവൽ, ജാപ്പനീസ് കാബുകി തിയറ്റർ, ഇന്ത്യൻ പഞ്ചാബി ഡാൻസ്, തെയ്യം ആഫ്രിക്കൻ ട്രഡീഷനൽ മ്യൂസിക് ആൻഡ് ഓസ്ട്രിച്ച് ഡാൻസ്, ജൂലിയസ് സീസർ നാടകം, അറബിക് മ്യൂസിക് തുടങ്ങിയവ മികച്ച പ്രകടനങ്ങളായിരുന്നു. പ്രസിഡന്റ് ശ്രീ കൃഷ്ണൻ രാമൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റിയിലെ മറ്റംഗങ്ങളും പ്രസിഡന്റും ചേർന്ന് മുഖ്യാതിഥിക്കും മറ്റു വിശിഷ്ടാതിഥികൾക്കും സ്നേഹോപഹാരങ്ങൾ നൽകി. ഗായക സംഘം ആലപിച്ച സ്കൂൾ ഗാനത്തോടെ വാർഷികാഘോഷ പരിപാടികൾക്ക് സമാപനമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.