ഇന്ത്യൻ സ്കൂൾ നറുക്കെടുപ്പ്; അപേക്ഷിച്ചവർക്കെല്ലാം സീറ്റ്
text_fieldsമസ്കത്ത്: ഒമാനിലെ തലസ്ഥാന നഗരിയിലുള്ള ഇന്ത്യൻ സ്കൂളുകളിലേക്ക് അടുത്ത അധ്യയന വർഷക്കാലത്തേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവർക്കെല്ലാം സീറ്റ് ലഭിച്ചു. വ്യാഴാഴ്ചയാണ് ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള നറുക്കെടുപ്പ് നടന്നത്. അപേക്ഷിച്ചവർക്കെല്ലാം ഒന്നാം ചോയ്സായി നൽകിയ സ്കൂളിൽതന്നെയോ രണ്ടാം ചോയ്സായി നൽകിയ സ്ഥാപനത്തിലോ പ്രവേശനം ലഭിച്ചിട്ടുണ്ട്. അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ അപേക്ഷ നൽകിയ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിച്ചിട്ടില്ല. ഇവിടുത്തെ അപേക്ഷകരിൽ നറുക്കെടുപ്പിൽ സീറ്റ് കിട്ടാത്ത കുട്ടികൾക്ക് രണ്ടാം ചോയ്സായി നൽകിയ സ്കൂളിലാണ് പ്രവേശനം ലഭിച്ചത്.
ഈ മാസം 20 മുതൽ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് വീണ്ടും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഈ മാസം 20 മുതൽ ഓൺലൈൻ അപേക്ഷകൾ നൽകാവുന്നതാണ്. എന്നാൽ, ഇനി നറുക്കെടുപ്പ് ഉണ്ടാവില്ല. അപേക്ഷകൾ നൽകുന്നവർക്ക് ചോയ്സ് നൽകിയ സ്കൂളുകളിലെ ഒഴിവ് അനുസരിച്ചാണ് പ്രവേശനം നൽകുക. തലസ്ഥാന നഗരിയിലെ മസ്കത്ത്, ദാർസൈത്ത്, വാദികബീർ, അൽ ഗുബ്റ, ബോഷർ, സീബ്, മാബേല എന്നീ സ്കൂളുകളിലേക്കുള്ള നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ വർഷം തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനത്തിന് മറ്റ് രാജ്യക്കാർക്കും അനുവാദം നൽകിയിരുന്നു.
എന്നാൽ, ഇതിന് കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. പ്രവേശനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ കുറയാനുള്ള സാഹചര്യം പരിഗണിച്ചായിരുന്നു ഇത്. തലസ്ഥാന നഗരിയിൽ പ്രവാസി ജനസംഖ്യ കൂടുതലുള്ള എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി സ്കൂളുകളുണ്ട്. ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. അതിനാൽ ഇത്തരം രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ കാര്യമായി പ്രവേശനത്തിനെത്തിയിട്ടില്ല. സ്കൂളുകളിൽ ഷിഫ്റ്റ് നടപ്പാക്കേണ്ട സാഹചര്യവുമില്ല. ഇത് സംബന്ധമായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
നറുക്കെടുപ്പിന് സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം, ഡയറക്ടർ ബോർഡ് അംഗം സിറാജുദ്ദീൻ ഞേളത്ത് എന്നിവർ നേതൃത്വം നൽകി. തലസ്ഥാന നഗരിയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

