ഇന്ത്യൻ സ്കൂൾ റുസ്താഖിൽ അത്യാധുനിക ലാബുകൾ സജ്ജീകരിച്ചു
text_fieldsറുസ്താഖ്: ഇന്ത്യൻ സ്കൂൾ റുസ്താഖിൽ സജ്ജീകരിച്ച നാല് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ നിർവഹിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഹർഷേന്ദു ഷാ, കൃഷ്ണേന്ദു, ഡോ. സുരേന്ദ്ര സ്വാമി, അമർ ശ്രീവാസ്തവ എന്നിവരും സീനിയർ പ്രിൻസിപ്പലും ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ എജുക്കേഷനൽ അഡ്വൈസറുമായ വിനോബ എം.പി., ഇന്ത്യൻ സ്കൂൾ മുലദ്ദ മുൻ എസ്.എം.സി. പ്രസിഡന്‍റ് ഡോ. മാത്യു വർഗീസ്, നിലവിലെ എസ്.എം.സി. പ്രസിഡന്‍റ് എം.ടി. മുസ്തഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ആധുനിക സാങ്കേതികവിദ്യയും അനുഭവാധിഷ്ഠിത പഠനവും സമന്വയിപ്പിച്ച് വിദ്യാർഥികളുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് എ.ഐ. ആൻഡ് ഇന്നവേഷൻ ലാബ്, കോംപസിറ്റ് സയൻസ് ലാബ്, ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ ലാബ്, ജൂനിയർ കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.
സ്കൂൾ അധികൃതർ, മാനേജ്മെന്‍റ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എസ്.എം.സി. കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. എസ്.എം.സി. പ്രസിഡന്‍റ് ഹരികൃഷ്ണന്‍ സ്കൂളിന്‍റെ ഭാവി വികസനപദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സ്വാഗതനൃത്തം, സംഘഗാനം, ‘യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി @ ഐ.എസ്.ആർ ’ എന്ന പേരിലുള്ള പരമ്പരാഗത വേഷപ്രദർശനം, വിദ്യാർഥികളുടെ കലാസൃഷ്ടികളുടെ അവതരണം എന്നിവയും അരങ്ങേറി. ഇന്ത്യന്‍ സ്കൂള്‍ റുസ്താഖ് പ്രിൻസിപ്പൽ അബു ഹുസൈൻ നന്ദി രേഖപ്പെടുത്തി. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്ത, സർഗാത്മകത, സാങ്കേതിക വൈദഗ്ധ്യം, ആശയവിനിമയശേഷി എന്നിവ വളർത്തുന്നതിനും പ്രായോഗിക പഠനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പുതിയ ലാബുകൾ സഹായകമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

