ഇന്ത്യൻ സ്കൂൾ രജിസ്ട്രേഷൻ നാളെ അവസാനിക്കും
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിവരെയാണ് രജിസ്ട്രേഷനുള്ള സമയം. ഇന്ത്യക്കാർക്കുപുറമെ മറ്റ് രാജ്യക്കാർക്കും ഈ വർഷം പ്രവേശനത്തിന് അവസരം ഒരുക്കുന്നുണ്ട്. രജിസ്ട്രേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നതായാണ് അറിയുന്നത്. എന്നാലും, സീറ്റുകൾ ബാക്കിയുണ്ടാവും. നിലവിൽ അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ മാത്രമാണ് പ്രവേശനത്തിന് തിരക്ക് അനുഭവപ്പെടുന്നത്. ഇവിടെ അപേക്ഷിച്ച വർക്കെല്ലാം സീറ്റ് ലഭിക്കാൻ സാധ്യതയില്ല. മറ്റ് സ്കൂളുകളിൽ അപേക്ഷ നൽകിയവർക്കെല്ലാം ഒന്നാം പരിഗണനയായി നൽകിയ സ്കൂളിൽ തന്നെ പ്രവേശനം ലഭിക്കും.
അപേക്ഷകൾ താരതമ്യേന കുറവാണെങ്കിലും ഓൺലൈൻ നറുക്കെടുപ്പിലൂടെ മാത്രമായിരിക്കും അതത് സ്കൂളിലേക്ക് പ്രവശേനം ലഭിക്കുക. ഒന്നാം പരിഗണന നൽകിയ സ്കൂളിൽ തന്നെ പ്രവേശനം നൽകാനാണ് നറുക്കെടുപ്പ് നടത്തുന്നത്. നറുക്കെടുപ്പ് കഴിഞ്ഞാലും അൽ ഗുബ്റ സ്കൂളിലൊഴികെ ബാക്കി സ്കൂളിലെല്ലാം സീറ്റുകൾ ഒഴിഞ്ഞുകിടക്കാനാണ് സാധ്യത. ഇത് പരിഹരിക്കാനുള്ള മാർഗങ്ങളും ഡയറക്ടർ ബോർഡ് ആരായുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒരു ഇന്ത്യൻ സ്കൂളിൽ അപേക്ഷകർ തീരെ കുറവാണ്. പുതിയ കുട്ടികൾ കുറയുന്നത് ഇൗ വർഷം സ്ഥാപനത്തെ കാര്യമായി ബാധിക്കില്ലെങ്കിലും വരും വർഷങ്ങളിൽ സ്കൂളിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ ജീവനക്കാരെ കുറക്കുന്നതടക്കമുള്ള നടപടികളുമായി അധികൃതർക്ക് മുന്നോട്ടുപോവേണ്ടിവരും.
എണ്ണ വിലക്കുറവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും രണ്ടുവർഷമായി അനുഭവിക്കുന്ന കോവിഡ് പ്രതിസന്ധിയുമാണ് ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം കുറയാനും സ്കൂളിൽനിന്ന് കൊഴിഞ്ഞുപോക്ക് കൂടാനും പ്രധാന കാരണം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അപേക്ഷകർ മാത്രമാണ് ഈ വർഷമുള്ളത്. കഴിഞ്ഞ വർഷമൊഴികെ മുൻ വർഷങ്ങളിൽ അയ്യായിരത്തോളം അപേക്ഷകർ പുതുതായി എത്താറുണ്ട്. ഈ വർഷത്തെ അപേക്ഷകരുടെ എണ്ണം തിട്ടപ്പെടുത്താനായില്ലെങ്കിലും അപേക്ഷകർ കുറയുമെന്നുറപ്പാണ്. കോവിഡ് കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിക്കുപുറമെ സ്വദേശിവത്കരണവും ഇന്ത്യൻ സ്കൂളുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്വദേശിവത്കരണം കാരണം ആരോഗ്യ മേഖലയിലടക്കം ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. ഇവയിൽ വലിയ വിഭാഗം കുടുംബമായി ഒമാനിൽ കഴിയുന്നവരുമാണ്. ഇത്തരം ജോലിനഷ്ടവും ചേക്കേറലുമൊക്കെ ഇന്ത്യൻ സ്കൂളുകളെയും ബാധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

