ഇന്ത്യൻ സ്കൂൾ റുസ്താഖിൽ അധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു
text_fieldsറുസ്താഖ്: ഇന്ത്യൻ സ്കൂൾ റുസ്താഖിൽ നാബെറ്റ്, ഐ.എസ്.ഒ അംഗീകാരം നേടുന്നതിനും, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമായി അധ്യാപക പരിശീലന ശിൽപശാല സംഘടിപ്പിച്ചു. മുലദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ലീന ഫ്രാൻസിസ്, വൈസ് പ്രിൻസിപ്പൽ കെ.പി. ആഷിക്, മബേല ഇന്ത്യൻ സ്കൂൾ ഐ.എസ്.ഒ.കോഡിനേറ്റർ വിഷ്ണു ഭാരതി എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ റുസ്താഖ് പ്രിൻസിപ്പൽ അബു ഹുസൈന്റെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു.
ശിൽപശാലയിൽ കെ.പി.ആഷിക് ‘സ്കൂൾ ഭരണത്തിൽ സമഗ്ര ഗുണനിലവാര നിയന്ത്രണം, അതിന്റെ ഫലപ്രദമായ നടപ്പാക്കൽ’ എന്ന വിഷയം ചർച്ച ചെയ്തു. സ്ഥാപനങ്ങളുടെ എല്ലാ മേഖലകളിലും ഗുണനിലവാരം നിലനിർത്തേണ്ടത്തിന്റെ ആവശ്യകത, ദീർഘദൃഷ്ടിയുള്ള നേതൃത്വവും സമയോചിതമായ നടപടികളും ഒരുമിച്ചാൽ കൈവരിക്കാവുന്ന മാറ്റങ്ങൾ എന്നിവയെകുറിച്ച് അദ്ദേഹം വിശദീകരിച്ചു.ശിൽപശാലയുടെ രണ്ടാം ഭാഗം ഡോ.ലീന ഫ്രാൻസിസ് അവതരിപ്പിച്ചു. നാബെറ്റ് അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗരേഖ, യോഗ്യതാ മാനദണ്ഡങ്ങൾ, രേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി ചർച്ച ചെയ്തു. വിഷ്ണു ഭാരതി ഐ.എസ്.ഒ അംഗീകാരത്തിനു വേണ്ടിയുള്ള നടപടിക്രമങ്ങളും, പദ്ധതികളുടെ നടപ്പാക്കലും, ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള രേഖാപരിപാലന മാർഗങ്ങളും അവതരിപ്പിച്ചു.
റുസ്താഖ് സ്കൂളിലെ അധ്യാപകരെ കൂടാതെ ഇന്ത്യൻ സ്കൂൾ മുലദ്ദ, ഇന്ത്യൻ സ്കൂൾ സഹം എന്നീ സ്കൂളുകളിലെ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.സ്കൂൾ മാനേജ്മെൻ്റ്കമ്മിറ്റി കൺവീനർ ഗോകുൽചന്ദ്രൻ, ട്രഷറർ ജസ്സ് ജോസഫ്, മറ്റംഗങ്ങളായ ഹരികൃഷ്ണൻ, ശൈലേഷ്, സഹം സ്കൂൾ പ്രിൻസിപ്പൽ സുചിത്ര സതീഷ് എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ സ്കൂൾ റുസ്താഖ് അക്കാദമിക് സൂപ്പർവൈസർ സന്ധ്യാ പ്രകാശ് സ്വാഗതവും മരിയ വെർജീനിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

