ഇന്ത്യൻ സ്കൂൾ ‘ഐ.എസ് ക്വിസ് 2022’ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ മബേല നടത്തിയ ഇന്റർ സ്കൂൾ മെഗാ ക്വിസ് മത്സരത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ മബേല ഇന്റർ സ്കൂൾ മെഗാ ക്വിസിന്റെ നാലാം പതിപ്പ് ‘ഐ.എസ് ക്വിസ് 2022’ സംഘടിപ്പിച്ചു. സുൽത്താനേറ്റിലെ എല്ലാ ഇന്ത്യൻ, ഇന്റർനാഷനൽ സ്കൂളുകൾക്കുമായായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. നാലു ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ 10,000ത്തോളം പേർ പങ്കെടുത്തു. ചടങ്ങിൽ മസ്കത്ത് ഗവർണറേറ്റ് സീബിലെ ഡെപ്യൂട്ടി വാലി അൽ ശൈഖ് താരിഖ് ബിൻ ഖാലിദ് ബിൻ അൽ വലീദ് അൽ ഹിനായ് മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ഡോ. ബേബി സാം സാമുവൽ, അക്കാദമിക് ചെയർപേഴ്സൻ സിറാജുദ്ദീൻ നെഹ്ലത്ത്, ദേവസിങ് പാട്ടീൽ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, പ്രസിഡന്റ് എസ്. സുജിത്കുമാർ, ഇന്ത്യൻ സ്കൂൾ അൽ മബേല മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, തലസ്ഥാന പ്രദേശത്തെ മറ്റ് ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
ക്വിസ് ക്രാഫ്റ്റ് ഗ്ലോബലിന്റെ സഹസ്ഥാപകനായ ആദിത്യനാഥ് മുബായി ആയിരുന്നു ക്വിസ് മാസ്റ്റർ. ജൂനിയർ വിഭാഗത്തിൽ സലാല ഇന്ത്യൻ സ്കൂളിലെ മിസ് സൈന ഫാത്തിമയും ആദിത്യ വർമയും ജേതാക്കളായി. ഐ.എസ്.ഡബ്ല്യു.കെ ഇന്റർനാഷനലിലെ അർണവ് ജയകൃഷ്ണൻ, റിതിക ദീപേഷ് ജരിവാല എന്നിവർ ഫസ്റ്റ് റണ്ണറപ്പും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ അശ്വിൻ സുജേഷ്, കെവിൻ റോഡ്രിഗസ് എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ വരുൺ എസ്. നായരും ഗീത് പാട്ടീലുമാണ് ജേതാക്കൾ.
ഇന്ത്യൻ സ്കൂൾ മസ്കത്തിലെ കെവിൻ ജോർജ്, ഹുസൈൻ സുരത്വാല എന്നിവർ ഫസ്റ്റ് റണ്ണറപ്പും അൽ ഗുബ്ര ഇന്ത്യൻ സ്കൂളിലെ സബ്യസാചി ചൗധരിയും ആൽവിൻ ജോസ് സെക്കൻഡ് റണ്ണറപ് സ്ഥാനവും നേടി. ചടങ്ങിൽ ഓരോ സ്കൂളിലെയും പ്രതിദിന ക്വിസ്, സബ് ജൂനിയർ വിഭാഗത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണവും ചെയ്തു. ‘നവിൻ ആഷർ കാസി അവാർഡ്സ് ഫോർ എക്സലൻസ് ഫോർ ടീച്ചിങ് 2022’ന്റെ ഭാഗമായി അധ്യാപകർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വാദി അൽ കബീറിലെ ജ്യോതി സിങ്, പ്രണവ് ഡി ഷെത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂൾ അൽ മബേല പ്രിൻസിപ്പൽ പി. പ്രഭാകരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

