മസീറ ഇന്ത്യൻ സ്കൂളിന് ഇനി പുതിയ മുഖം
text_fieldsമസ്കത്ത്: മസീറ ഇന്ത്യൻ സ്കൂൾ നവീകരിച്ച സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധികൾ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വിശാലമായ ക്ലാസ്മുറികളും ഒാഫിസ് സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഒാഡിയോ വിഷ്വൽ റൂം, വിശാലമായ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിനുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെയും രക്ഷാകർത്താക്കളുടെയും പരിശ്രമങ്ങളെ ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ അനുമോദിച്ചു.
2012ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചതുമുതൽ ഒമാനി സമൂഹം നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. എജുക്കേഷൻ അഡ്വൈസർ മാത്യു എബ്രഹാമും സംസാരിച്ചു. എസ്.എം.സി അംഗങ്ങളായ ബാബുരാജും റഫീഖും പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. എസ്.എം.സി പ്രസിഡൻറ് ഡോ. അബ്ദുൽ ജലീൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ശാന്തി കൃഷ്ണൻ നന്ദിയും പറഞ്ഞു.
