ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ നിർമാണ പ്രവർത്തനം അനധികൃതമെന്ന് നഗരസഭ
text_fieldsമസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ നിർമാണ പ്രവർത്തനത്തിനെതിരെ നഗരസഭയുടെ നോട്ടീസ്. ജൂനിയർ സ്കൂളിനോട് ചേർന്നുള്ള കെ.ജി വിദ്യാർഥികൾക്കായുള്ള കളിസ്ഥലം അനധികൃതമായാണ് നിർമിച്ചതെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. അടുത്ത വർഷം ജൂൺ വരെയാണ് നോട്ടീസ് കാലാവധി. ഇതിനകം ബന്ധപ്പെട്ട അനുമതി കരസ്ഥമാക്കാത്ത പക്ഷം പൊളിച്ചുനീക്കുന്നതടക്കം തുടർനടപടികൾ എടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മസ്കത്ത് നഗരസഭയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ വിഷയം സംബന്ധിച്ച ഒരു ചർച്ചയും ബോർഡിന് മുന്നിൽ വന്നിട്ടില്ലെന്ന് ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി. ജോർജ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കളിസ്ഥല നിർമാണം ആരംഭിച്ചത്. അമേരിക്കൻ മാനേജ്മെൻറ് ആൻഡ് ഡെവലപ്മെൻറ് ആയിരുന്നു കരാറുകാർ. പ്രധാന കെട്ടിടത്തിനും മതിലിനുമിടയിലുള്ള ഭാഗം കെട്ടിയടച്ച സ്ഥലത്ത് നിരവധി റൈഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽ ചർച്ചക്ക് വെക്കാതെ ഭരണസമിതിയിലെ രണ്ട് അംഗങ്ങൾ ഏകപക്ഷീയമായാണ് ഇത് സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്. വലിയ തുകക്കുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ അനുമതി ആവശ്യമുണ്ടെങ്കിലും ഇക്കാര്യത്തിൽ അതും പാലിച്ചിട്ടില്ലെന്ന് അറിയുന്നു.
നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഭാവി നടപടികളെ കുറിച്ച് തീരുമാനിക്കാൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽ ചർച്ചകൾ നടന്നുവരുകയാണ്. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കളിസ്ഥലം പൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ കുട്ടികളെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ലെന്ന് രക്ഷാകർത്താക്കളും പറഞ്ഞു. വാടകക്കെട്ടിടത്തിലാണ് നിലവിൽ ജൂനിയർ സ്കൂൾ പ്രവർത്തിക്കുന്നത്. നഗരസഭയുടെ അനുമതി ലഭിച്ചാൽ തന്നെ കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെടുന്ന പക്ഷം വലിയ മുതൽമുടക്കിൽ നിർമിച്ച കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും എന്തുചെയ്യണമെന്ന ചോദ്യം ബാക്കി നിൽക്കുന്നതായും രക്ഷാകർത്താക്കൾ പറയുന്നു.
സീനിയർ സ്കൂളിെൻറ വികസനത്തിനായി ഒമാൻ സർക്കാർ അനുവദിച്ച സ്ഥലത്തെ പാറപൊട്ടിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ടും സ്കൂൾ ഭരണസമിതി വിവാദത്തിൽ അകപ്പെട്ടിരുന്നു. സ്കൂളിെൻറ പിൻവശത്തായുള്ള പാറ പൊട്ടിക്കാൻ കരാർ ഏറ്റെടുത്ത ഒന്നിലധികം പേരാണ് ജോലി പൂർത്തിയാക്കാതെ മടങ്ങിയത്. ഇതും ഏറെ സാമ്പത്തിക ബാധ്യത വരുത്തിയ കാര്യമാണെന്ന് ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
