നാളെ ചുമതലയേൽക്കുന്ന ഇന്ത്യൻ സ്കൂൾ ഭരണസമിതിയോട് രക്ഷിതാക്കൾ; വേണം, തെരഞ്ഞെടുപ്പിൽ അടിമുടി മാറ്റം
text_fieldsമസ്കത്ത്: അടുത്ത രണ്ടുവർഷക്കാലത്തേക്കുള്ള ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ പുതിയ ഭരണസമിതി ശനിയാഴ്ച അധികാരം ഏൽക്കും. 21 ഇന്ത്യൻ സ്കൂളുകളുടെ ഭരണ ചുമതലയുള്ളതാണ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് (ബി.ഒ.ഡി). ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് വിപുലമായ അധികരങ്ങളാണുള്ളത്. ഒമാനിലെ ഇന്ത്യൻ സ്കൂൾ നടപ്പാക്കുന്ന എല്ലാ പരിഷ്കരണങ്ങൾക്കും ഡയറക്ടർ ബോർഡിന്റെ അംഗീകാരം വേണം. ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടും. മസ്കത്ത് ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളാണ് ഡയറക്ടർ ബോർഡിലെ അഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇവരിൽനിന്നാണ് ഡയറക്ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്.
എന്നാൽ, സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം മസ്കത്ത് ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് മാത്രമാണ്. ഇതിൽ മാറ്റം വരണമെന്നും എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം നൽകണമെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളിനൊപ്പം വാദി കബീർ ഇന്ത്യൻ സ്കൂളിനും അൽ ഗുബ്റ ഇന്ത്യൻ സ്കൂളിനും മാത്രമാണ് ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യമുള്ളത്.
മസ്കത്ത് ഇന്ത്യൻ സ്കൂളിന് ഒരു കി.മീറ്റർ ചുറ്റളവിലുള്ള ദാർസൈത്ത് ഇന്ത്യൻ സ്കൂൾ, ബൗഷർ, സീബ്, മബേല സ്കൂളുകൾക്കും സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ പങ്കൊന്നുമില്ല. മസ്കത്തിൽനിന്നും വിദൂര ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളും തങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തം വേണമെന്നാണ് പറയുന്നത്. അധികാരം പൂർണമായി മസ്കത്ത് സ്കൂളിനും നോമിനികൾക്കും നൽകുന്നതിന് പകരം എല്ലാ ഇന്ത്യൻ സ്കൂളുകളുടെയും പ്രതിനിധികളെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാന ആവശ്യം. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഒന്നോ രണ്ടോ പ്രതിനിധികളെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാവുന്നതാണ്. ഡയറക്ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുന്നതിന് ഇവർക്കും അവസരം നൽകണം.
ചുരുങ്ങിയത് വോട്ടവകാശമെങ്കിലും നൽകണമെന്നാണ് ആവശ്യം. ഓൺലൈൻ സൗകര്യങ്ങൾ ഉള്ള ഈ കാലത്ത് ഒമാനിലെ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളെയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കുന്നതിൽ പ്രയാസമില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

