മികവിന്റെ 35 വർഷം; ഇന്ത്യൻ സ്കൂൾ നിസ്‌വ വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsനിസ്‌വ: ഇന്ത്യൻ സ്കൂൾ നിസ്‌വയുടെ 35-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. നിസ്‌വ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോ. മുഹമ്മദ് റാഷിദ് ഹംദാൻ അൽ മമാരി ഉദ്ഘാടനം ചെയ്തു.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ, സ്കൂൾ ഡയറക്ടർ ഇൻ ചാർജ് കൃഷ്ണേന്ദു എസ്, ഡയറക്ടർ ബോർഡ് സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പുതുതായി സജ്ജീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ലാബ് ഒരുക്കിയത്.
കഴിഞ്ഞ അധ്യയന വർഷത്തെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ഉൾപ്പെടുത്തി പ്രിൻസിപ്പൽ നിഷാന്ത് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇസ്മായിൽ ഇഖ്ബാൽ മുഹമ്മദ് ആശംസകൾ നേർന്നു.
ഇന്ത്യയുടെയും ഒമാന്റെയും സാംസ്കാരിക പൈതൃകവും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിളിച്ചോതുന്ന കലാപരിപാടികളും അരങ്ങേറി. രക്ഷിതാക്കൾ, അധ്യാപകർ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.വൈസ് പ്രിൻസിപ്പൽ ഡോ. മെഹ്‌രാജ്, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. അസ്മ ഖാൻ, ഷാനവാസ് അബൂബക്കർ, അഫ്സർ പാഷ, ഷെർലി ജൂഡ് എന്നിവർ ഏകോപനം നിർവഹിച്ചു. ഹെഡ് ഗേൾ സഫിയ സ്വാഗതവും ഹെഡ് ബോയ് അഫ്രാൻ നന്ദിയും പറഞ്ഞു.

