ഇന്ത്യൻ സ്കൂൾ ദാർസൈത്ത് 31ാം വാർഷികം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ദാർസൈത്തിന്റെ വാർഷികാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്ത് 31ാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിച്ചു. ദാർസൈത്ത് ശൈഖ് ഹാഷിൽ ബിൻ ഹബീബ് അൽ ഹസനി ചടങ്ങിൽ മുഖ്യാതിഥിയായി. സുൽത്താനേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫോറിൻ സ്കൂൾ ഓഫിസിന്റെ മുൻ അസി.ഡയറക്ടർ അൽ അസ്ഹർ സൗദ് അൽ സാൽമി വിശിഷ്ടാതിഥിയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ സീനിയർ സ്റ്റഡീസ് ആൻഡ് ഫോളോ അപ് സ്പെഷലിസ്റ്റ് മുഹമ്മദ് സലിം അൽ അബ്രി പ്രത്യേകാതിഥിയുമായി പങ്കെടുത്തു.
ഡയറക്ടർ ബോർഡ് അംഗങ്ങൾ, എസ്.എം.സി വൈസ് പ്രസിഡൻറ് ഷാലിമാർ മൊയ്തീൻ, കൺവീനർ പി.പി. നിശാന്ത്, ട്രഷറർ വി. അഷ്റഫ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർമാർ , അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഒമാൻ രാജകീയ ഗാനം, ഇന്ത്യയുടെ ദേശീയ ഗാനം എന്നിവക്ക് ശേഷമായിരുന്നു ചടങ്ങുകൾ. ഹെഡ് ഗേൾ ആയിഷ ദാവൂദ് അതിഥികളെ സ്വാഗതം ചെയ്തു. വിവിധ വിഷയങ്ങളിലെ വിദ്യാർഥികളുടെ മികവുകളെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ എസ്.എം. സി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിന് തന്റെ ഉദാരവും നിർലോഭവുമായ പിന്തുണ ഉറപ്പുനൽകിയ മുഖ്യാതിഥി 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഹലീമ ഖുദാബസ്ഖ് ഈദ് മുഹമ്മദ് അൽ ബലൂഷിയെയും 12 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയും അനുമോദിച്ചു.
അധ്യാപനരംഗത്തെ മികവിനുള്ള ഇന്ത്യൻ സ്കൂൾ ബോർഡിന്റെ പുരസ്കാരം നേടിയ അധ്യാപകർ, 2022-23 ലെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോർഡ് പരീക്ഷകളിൽ ദേശീയ ടോപ്പർമാരെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ച അധ്യാപകരെയും മറ്റ് ജീവനക്കാരെയും അദ്ദേഹം ആദരിച്ചു. വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർ, സ്റ്റുഡന്റ്സ് കൗൺസിൽ കോഓഡിനേറ്റർമാർക്കും വിവിധ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കലാപരിപാടികളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

