വർണാഭമായി ഇന്ത്യൻ സ്കൂൾ മുലദ്ദ ഓണാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന ഓണാഘോഷം
മുലദ്ദ: മുലദ്ദ ഇന്ത്യൻ സ്കൂളിൽ വർണശബളമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ആഘോഷങ്ങൾക്ക് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കലയുടെയും സർഗാത്മകതയുടെയും മനോഹരമായ സമ്മേളനമൊരുക്കി വിദ്യാർഥികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി. പുലികളി, വള്ളംകളി, തിരുവാതിരകളി, നാടോടിനൃത്തം, പ്രസംഗം, ഓണപ്പാട്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിദ്യാർഥികൾ അവതരിപ്പിച്ച പുലികളി കാണികളെ ആവേശത്തിലാഴ്ത്തി. വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് കുട്ടികൾ അവതരിപ്പിച്ച വള്ളംകളി ഏവരെയും ആകർഷിക്കുന്നതായിരുന്നു. കേരളത്തിന്റെ തനത് വസ്ത്രമായ കസവ് സാരിയുടുത്ത് പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരകളി പരിപാടിക്കാകെ സാംസ്കാരിക മനോഹാരിത നൽകി. അഞ്ചും ആറും ക്ലാസ്സിലെ പെൺകുട്ടികളുടെ മനോഹരമായ നാടോടി നൃത്തം സദസ്യരുടെ മനം കവർന്നു.
പത്താംക്ലാസിലെ ആർഷ രവീന്ദ്രൻ, ഇഷാനി ഇംതിഹാസ്, വൈഗ സുനിൽ എന്നീ വിദ്യാർഥിനികൾ ഓണാഘോഷത്തിന് കേരളീയ ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചും വിവിധ ഓണക്കളികളെ കുറിച്ചും സമകാലിക ഓണാഘോഷത്തെക്കുറിച്ചും സംസാരിച്ചു. ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് അഭിനന്ദിച്ചു. ഓണാഘോഷങ്ങൾ സംസ്കാരം, പാരമ്പര്യം, ഐക്യം, സമത്വം എന്നിവയുടെ സംഗമമാണെന്ന് പറയുകയും എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. പതിനൊന്നാം ക്ലാസ്സിലെ ശ്രേയശിവറാം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

