കേരളത്തിനായി പിരിച്ച 2018 ലെ പ്രളയ ഫണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് വകമാറ്റി
text_fields
മസ്കത്ത്: കേരളത്തിൽ 2018 ൽ ഉണ്ടായ മഹാ പ്രളയത്തിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും വഴി പിരിച്ചെടുത്ത തുക കേരളത്തിന് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇന്ത്യൻ സ്കൂൾ ബോർഡിന്റെ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ പറഞ്ഞു. ബോർഡിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളത്തിലെ പ്രളയ ദുരിതർക്കായി പിരിച്ചെടുത്ത തുക കൈമാറിയിട്ടില്ലെന്നും ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ ഒമാനിലെ വിവിധയിടങ്ങളിലുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
2018 ൽ കേരളം മഹാ പ്രളയത്തിൽ അകപ്പെട്ടപ്പോൾ വിവിധ രാജ്യങ്ങളിൽനിന്ന് മലയാളി പ്രവാസി സമൂഹം മുൻകൈയെടുത്തും അല്ലാതെയും കേരളത്തിലേക്ക് ഫണ്ടും സഹായവും എത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ സർക്കാറിന്റെ പ്രത്യേക അനുമതിയോടെ സഹായധനം പിരിച്ചെടുത്തിരുന്നു.
അധികൃതരുടെ അനുമതിയോടെ ഇന്ത്യൻ സ്കൂൾ ബോർഡും ഈ കലക്ഷനിൽ ഭാഗമായി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പിരിച്ചെടുത്ത ഏകദേശം ഒന്നരക്കോടിക്കടുത്ത തുക 2020ൽ കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എന്നാൽ, ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ ഏകദേശം 23,000 ഒമാനി റിയാലാണ് (50 ലക്ഷത്തിലേറെ രൂപ) കലക്ഷൻ പല ഘട്ടങ്ങളിലായി പൂർത്തിയായി വന്നപ്പോഴേക്കും അന്നത്തെ ബോർഡിന്റെ കാലാവധി കഴിയുകയും പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തു. രണ്ടു വർഷമാണ് ബോർഡിന്റെ കാലാവധി. ശേഷം വന്ന ഭരണസമിതിയും പ്രളയ ഫണ്ട് കേരളത്തിന് കൈമാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ തുടർന്ന് നടപടികൾ നീണ്ടു. പിന്നാലെ നിലവിൽ വന്ന കഴിഞ്ഞ ഭരണ സമിതിയും തുക കേരളത്തിന് നൽകാൻ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. എന്നാൽ, 2025 ഏപ്രിലിൽ ചുമതലയേറ്റ നിലവിലെ സമിതി, പ്രസ്തുത ഫണ്ട് കേരളത്തിന് കൈമാറേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് ചെയർമാനായ സയ്യിദ് സൽമാൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിനിടെ വെളിപ്പെടുത്തിയത്. ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ ഒമാനിലെ സ്കൂളുകളുടെ വിവിധ ആവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ രക്ഷിതാക്കളിലും മലയാളി പ്രവാസി സമൂഹത്തിലും പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

