ഇന്ത്യൻ സ്കൂൾ പ്രവേശനം ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി; 6,504 സീറ്റ് ഒഴിവുകൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2025-2026 അധ്യായനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ഏഴ് ഇന്ത്യന്‍ സ്കൂളുകളിലായി ആകെ 6,504 സീറ്റുകളാണ് ഇത്തവണയുള്ളത്. ഏറ്റവുമധികം സീറ്റുകളുള്ളത് ബാല്‍വതിക, കെ.ജി ക്ലാസുകളിലാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലാണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ളത്. രാവിലത്തെ ഷിഫ്റ്റില്‍ 1,080പേർക്കും ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റില്‍ 400 വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റില്‍ കെ.ജി രണ്ട് മുതല്‍ നാലാം തരംവരെയുള്ള ക്ലാസുകളിലാണ് അവസരമുള്ളത്. ഓരോ ക്ലാസിലും 80 വീതം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകും.
398 വിദ്യാര്‍ഥികള്‍ക്ക് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ രാവിലത്തെ ഷിഫ്റ്റിലും ഉച്ചക്ക് ശേഷമുള്ള ക്ലാസിൽ 119 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഒന്നാം തരം മുതല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലാണ് ഉച്ചക്കുശേഷമുള്ള ഷിഫ്റ്റില്‍ അവസരമുള്ളത്. ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത വ്യത്യസ്തമാണ്. വാദി കബീര്‍ (1,205), വാദി കബീര്‍ ഇന്റര്‍നാഷനല്‍ (811), ബൗശര്‍ (815), മബേല (580), ഗുബ്ര (426),സീബ് (497) ഗൂബ്ര ഇന്റര്‍നാഷനല്‍ (173) എന്നിങ്ങനെയാണ് തലസ്ഥാനത്തെ മറ്റ് ഇന്ത്യന്‍ സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം 5,500ല്‍ താഴെ സീറ്റുകളാണ് ലഭ്യമായിരുന്നെങ്കില്‍ ഇത്തവണ ആയിരത്തില്‍ പരം സീറ്റുകളുടെ വര്‍ധനവുണ്ടായി.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിനു കീഴിൽ തലസ്ഥാന നഗരിയിലേയും പരിസരപ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുന്നത്. ബാൽവതിക മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20ആണ്. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും ബാലവതിക പ്രവേശനത്തിന് അർഹതയുണ്ടാകുക.
കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡന്റ് വിസ ആവശ്യമാണ്. സീറ്റ് ലഭ്യതക്കനുസരിച്ച് ഇന്ത്യക്കാരല്ലാത്തവരുടെ കുട്ടികൾക്കും അഡ്മിഷ്ൻ നൽകിയേക്കും.മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ ഗുബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓലൈനിലൂടെതന്നെ അപേക്ഷ സമർപ്പിക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്.
പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്ക് പുനര്നിര്വചിക്കപ്പെടിട്ടുള്ളത്. കിന്റര്ഗാര്ട്ടന് നിലവിലുള്ള രണ്ട് വര്‍ഷ ഘടനയില്‍നിന്ന് മൂന്ന് വര്‍ഷമാകും. മൂന്ന് മുതല്‍ ആറുവയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ കിന്റര്ഗാര്ട്ടന്, ആറു മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉള്‍പ്പെടുക.
എട്ട് മുതല്‍ 11വയസ്സുവരെയുള്ള വിദ്യാർഥികള്‍ക്ക് മൂന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളും 11 മുതല്‍ 14 വയസ്സുവരെയുള്ളവർ ആറു മുതല്‍ എട്ടുവരെ ക്ലാസുകളും 14 മുതല്‍ 18 വയസ്സുവരെയുള്ള ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സെക്കന്‍ഡറി ഘട്ടവും ഉള്‍പ്പെടും. അതേസമയം നിലവില്‍ എൻറോള്‍ ചെയ്തിട്ടുള്ള വിദ്യാർഥികള്‍ക്കുള്ള പ്രമോഷന് യഥാക്രമം കെ.ജി ഒന്ന് മുതല്‍ കെ.ജി രണ്ടു വരെയും കെ.ജി രണ്ട് മുതല്‍ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനുസരിച്ച് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

