വേനലവധി വെട്ടിക്കുറച്ച നടപടി; ഇന്ത്യൻ എംബസിക്ക് പരാതിയുമായി ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളും അധ്യാപകരും
text_fieldsമസ്കത്ത്: വാർഷിക അവധിയുടെ സമയം മാറ്റുകയും അവധി ദിവസങ്ങളുടെ എണ്ണം ഗണ്യമായി കുറക്കുകയും ചെയ്ത ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തീരുമാനത്തിനെതിരെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശക്തമായ പ്രതിഷേധം ഉയരുന്നു. ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഇന്ത്യൻ എംബസിയിലേക്ക് ഇ-മെയിൽ അയച്ചു. ഡോ. സജി ഉതുപ്പാൻ നേതൃത്വം നൽകിയ കൂട്ടായ്മയാണ്
ഇ-മെയിൽ വഴി പരാതി അറിയിച്ചത്.
അവധിക്കാലത്തിൽ വരുത്തിയ ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ ഒരു ശാസ്ത്രീയ പഠനമോ വിദഗ്ധ അഭിപ്രായമോ ഉണ്ടായിട്ടില്ലെന്നാണ് ഇ-മെയിൽ പരാതിയിലെ പ്രധാന ആരോപണം.
പുതുക്കിയ തീരുമാനം പ്രകാരം, സ്കൂളുകൾ ജൂലൈ ആദ്യ വാരത്തിൽ തുറക്കേണ്ടിവരുമെന്നത് ഒമാനിലെ കടുത്ത വേനൽക്കാല സാഹചര്യങ്ങൾ കണക്കിലെടുക്കാതെയാണെന്നും പരാതിയിൽ പറയുന്നു. ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന അത്യന്തം ഉയർന്ന താപനില കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും രക്ഷിതാക്കളും അധ്യാപകരും മുന്നറിയിപ്പ് നൽകുന്നു.
വർഷം മുഴുവൻ പഠന സമ്മർദം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് മതിയായ വിശ്രമവും പുനഃശക്തീകരണവും അത്യാവശ്യമാണെന്നും, അവധി കുറച്ചത് കുട്ടികളിൽ ക്ഷീണം, ആരോഗ്യപ്രശ്നങ്ങൾ, പഠനത്തിൽ ശ്രദ്ധക്കുറവ് എന്നിവക്ക് ഇടയാക്കുമെന്നും ഇ-മെയിലിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങൾക്ക് ഈ മാറ്റം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും യാത്ര ക്രമീകരണങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലടക്കമുള്ളവയെ കാര്യമായി ബാധിക്കപ്പെടുന്നുവെന്നും പറയുന്നു.
ഈ സാഹചര്യത്തിൽ, അവധി സമയമാറ്റം പുനഃപരിശോധിക്കണമെന്നും, കാലാവസ്ഥ സാഹചര്യങ്ങളും കുട്ടികളുടെ ആരോഗ്യവും മാനസികാവസ്ഥയും പരിഗണിച്ചുള്ള വിദ്യാർഥി സൗഹൃദമായ അവധി നയം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യൻ എംബസിയിലേക്ക് ഇ-മെയിൽ അയച്ചിരിക്കുന്നത്.
ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലെ സ്കൂളുകളിലെ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ വേനലവധി 40 ദിവസമായും മറ്റു ക്ലാസുകളിലേത് 50 ദിവസമായും സ്കൂൾ ജീവനക്കാരുടെ അവധി 40 ദിവസമായുമാണ് വെട്ടിക്കുറച്ചത്. ഇതുപ്രകാരം, ഏഴാം ക്ലാസ് വരെയുള്ള ബാലവാടിക വിഭാഗത്തിന് ജൂൺ ഒന്നുമുതൽ ജൂലൈ 20വരെയാണ് വേനലവധി അനുവദിച്ചിരിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് ജൂൺ 11 മുതൽ ജൂലൈ 20 വരെയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അക്കാദമിക വർഷം തന്നെ ധൃതി പിടിച്ച് അവധിയിൽ മാറ്റം വരുത്തിയത് അവധിക്കാലം കണക്കാക്കി നേരത്തെ വിമാന ടിക്കറ്റുകളടക്കം ബുക്ക് ചെയ്ത നിരവധി രക്ഷിതാക്കളെയാണ് പ്രയാസത്തിലാക്കിയത്.
സി.ബി.എസ്.ഇ അധികൃതരുടെ നിർദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് അധികൃതരുടെ വിശദീകരണം.
എന്നാൽ, ഇതേ സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന മറ്റു ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾ പഴയ അവധി പാറ്റേൺ തന്നെയാണ് തുടരുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.
106 സി.ബി.എസ്.ഇ സ്കൂളുകളുള്ള യു.എ.ഇയിൽ 55 ദിവസമാണ് വാർഷിക അവധി. കുവൈത്തിൽ 60 ദിവസവും ഖത്തറിൽ 53 ദിവസവും ബഹ്റൈനിൽ 55 ദിവസവും അവധി നൽകുമ്പോഴാണ് ഒമാനിൽ മാത്രം 40 ദിവസത്തേക്ക് ചുരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

