ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിൽ; റിയാലൊന്നിന് 232 ഇന്ത്യൻ രൂപ
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപക്കെതിരെ വിനിമയ നിരക്കിൽ സർവകാല റെക്കോഡിട്ട് ഒമാനി റിയാൽ. ഫോറക്സ് മാർക്കറ്റിൽ യു.എസ് ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപക്ക് പെട്ടെന്നുണ്ടായ ഇടിവാണ് ആഗോള സാമ്പത്തിക വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ ഒമാനി റിയാൽ വിനിമയത്തിൽ ഇന്ത്യൻ രൂപക്കെതിരെ സർവകാല റെക്കോഡിട്ടു. ഒരു ഒമാനി റിയാലിന് 232 ഇന്ത്യൻ രൂപ മൂല്യം കൈവരിച്ചു. പ്രവാസികളെ സംബന്ധിച്ച് ഏറെ ആഹ്ലാദം നൽകുന്ന വാർത്തയാണിത്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് ഇതിന് കാരണം.
വെള്ളിയാഴ്ച രാവിലെ വരെ ഒരു ഒമാനി റിയാലിന് 230 ഇന്ത്യൻ രൂപയാണ് മൂല്യമുണ്ടായിരുന്നത്. എന്നാൽ, ഉച്ചയോടെ വിപണിയിലുണ്ടായ ചാഞ്ചാട്ടം ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണമായി. ഇന്ത്യൻ രൂപയുടെ പെട്ടെന്നുള്ള വിലയിടിവിന് പ്രധാനമായും മുന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടാനാവുന്നതെന്ന് സാമ്പത്തിക വിദഗ്ദനായ അഡ്വ. മധുസൂദനൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യ- യു.എസ് വ്യാപാര കരാറിലുണ്ടായ അവധാനതായാണ് ഒരു കാരണം. ഇന്ത്യയും യു.എസും തമ്മിൽ പ്രധാനമായ ചില വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനിരിക്കുകായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ കരാറുകളിൽ ഒപ്പവെക്കുന്നതിലെ അനിശ്ചിതത്വം വിപണിയെ സ്വാധീനിച്ചു. സാധാരണ ഇത്തരം ചാഞ്ചാട്ടങ്ങളുണ്ടാവുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബിഐ) ചില ഇടപെടലുകൾ നടത്താറുണ്ട്.
പ്രധാനമായും വിപണിയിലെ ചാഞ്ചാട്ടം രൂപക്ക് കാര്യമായ ദോഷമുണ്ടാക്കാത്തവിധത്തിൽ ആർ.ബിഐ ഫോറക്സ് മാർക്കറ്റിൽ ഇടപെടാറുണ്ട്. എന്നാൽ, വെള്ളിയാഴ്ച ഇത്തരം ഇപെടൽ ആർ.ബിഐയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നതാണ് രണ്ടാമത്തെ കാരണം. സങ്കീർണമായ മറ്റൊരു കാരണം കൂടി രൂപയുടെ വിലയിടിച്ചിലിന് വഴിവെച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് കൂട്ടിയത് ഇന്ത്യപോലെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക വിപണിയിലുണ്ടാക്കിയ ചലനമാണ് മൂന്നാത്തെ കാരണം.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി ജാപ്പനീസ് യെന്നിന്റെ പലിശ നിരക്ക് പൂജ്യം ആയിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് കൂട്ടിയതോടെ ഇന്ത്യയടക്കമുള്ള വികസ്വര വിദേശ നിക്ഷേപത്തിൽ തിരിച്ചപോക്കുണ്ടാവുന്നതാണ് രൂപയുടെ വിലയിടിവിലേക്ക് വഴിവെക്കുന്നത്. ഈ വർഷം മാത്രം ഇന്ത്യൻ രൂപ നാലര ശതമാനത്തോളം ഇടിഞ്ഞതായി സാമ്പത്തിക വിദഗ്ദർ ചുണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

