ദേശസ്നേഹം പകർന്ന് ഒമാനിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം
text_fieldsമസ്കത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് താവിഷി ബഹാൽ പാണ്ഡേ നേതൃത്വം നൽകുന്നു
മസ്കത്ത്: ദേശസ്നേഹം പകർന്ന് ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം പങ്കാളികളായി. അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്ന ഗാന്ധിജിയുടെ പൈതൃകത്തിന് ആദരാഞ്ജലി അർപ്പിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് താവിഷി ബഹാൽ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ ചാർജ് ഡി അഫയേഴ്സ് വായിച്ചു. പോർബന്തർ-മസ്കത്ത് കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയ ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പലിന്റെ കമാൻഡർ വൈ. ഹേമന്ത്, കമാൻഡർ വികാസ് ഷിയോരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങൾ ആഘോഷാന്തരീക്ഷത്തെ ദേശോൽസുകമാക്കി.
ഇന്ത്യൻ സ്കൂൾ ബൗഷർ
ഇന്ത്യൻ സ്കൂൾ ബൗഷറിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ഇന്ത്യൻ സ്കൂൾ ബൗഷറിൽ 77ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിഷി ബെഹൽ പാണ്ഡെ മുഖ്യാതിഥിയായി. ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഹർഷേന്ദു ഷാ, ഐ.എസ്.ബി ഡയറക്ടർ ഇൻ ചാർജ് ദാമോദർ ആർ. കാട്ടി, ഡയറക്ടർ ബോർഡ് വിദ്യാഭ്യാസ ഉപദേഷ്ടാവും സീനിയർ പ്രിൻസിപ്പലുമായ വിനോബ എം.പി, ഡയറക്ടർ ബോർഡ് ചീഫ് ഓപറേറ്റിങ് ഡയറക്ടർ ഡോ. ഗോകുൽദാസ് വി. കെ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കരൺജീത് സിംഗ് മാത്താരു തുടങ്ങിയവർ പങ്കെടുത്തു. മസ്കത്ത് ഇന്ത്യൻ സ്കൂൾ, ഗുബ്ര ഇന്ത്യൻ സ്കൂൾ, വാദി കബീർ ഇന്ത്യൻ സ്കൂൾ, ദർസൈത്ത് ഇന്ത്യൻ സ്കൂൾ, അൽ സീബ് ഇന്ത്യൻ സ്കൂൾ, ബൗഷർ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ മനോഹരമായ മാർച്ച് പാസ്റ്റ് നടന്നു. 200ലധികം വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തു. വന്ദേമാതരം ആലാപനം, നൃത്താവിഷ്കാരം എന്നിവ നടന്നു.
ഇന്ത്യൻ സ്കൂൾ നിസ്വ
ഇന്ത്യൻ സ്കൂൾ നിസ്വയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യൻ സ്കൂൾ നിസ്വ റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പൽ ശാന്തകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഗ്രീവൻസ് കമ്മിറ്റി അധ്യക്ഷ മലർവിഴി അരവിന്ദൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യയിലെ വിവിധ ഭാഷകളെ സമന്വയിപ്പിച്ചുള്ള ദേശഭക്തിഗാനങ്ങൾ, മൂകാഭിനയം, സ്കിറ്റ് , വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
മൂർജേ ദേവ് സ്വാഗതവും മിർസ മാഹിൻ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ പ്രോഗ്രാം കോഓഡിനേറ്റർമാരായ ഫയാസ് മുല്ല ഇഖ്ബാൽ, ഡോ. പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

