ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒമാന്‍ ഗാന്ധിജയന്തി ആഘോഷം
text_fieldsമസ്കത്ത്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒമാന്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ഡോ. ജെ. രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. മഹാത്മ ഗാന്ധിയുടെ മഹത്തായ ആശയങ്ങളും തത്ത്വങ്ങളും ആഗോളതലത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നടത്തിവരുന്ന ഭാരത് ജോഡോ യാത്രയുടെ അന്തഃസത്തയും പ്രാധാന്യവും യാത്രയുടെ എല്ലാ ദിവസവും മഹാത്മ ഗാന്ധിയെ അനുസ്മരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഐ.ഒ.സി ഗ്ലോബല്‍ ചെയര്മാന് ഡോ. സാം പിട്രോഡ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഐ.ഒ.സി ഇൻ ചാര്‍ജ് ഹിമാന്‍ഷു വ്യാസ്, മിഡിലീസ്റ്റ് സെക്രട്ടറി ഡോ. ആരതി കൃഷ്ണ, ബഹ്റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍, ഗ്ലോബല്‍ ഇവന്റ് കോഓഡിനേറ്റര്‍ അനുര മത്തായി, സലാല റീജന്‍ കേരള ചാപ്റ്റര്‍ ഭാരവാഹികളായ ഡോ. നിസ്താര്‍, ഹരികുമാര്‍, ഷാജില്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികളായ ഷിഫ സുജില്‍, ശൈഖ അഹമ്മദ്, മുഹമ്മദ് ശിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാന്ധിജിയെ അനുസ്മരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ മനോഹാരിത വര്‍ധിപ്പിച്ചു. നാഷനല്‍ സെക്രട്ടറി ജസ്സി മാത്യുവും ട്രഷറര്‍ മനോജ് മാനുവലും അവതാരകരായി പരിപാടികള്‍ നിയന്ത്രിച്ചു. മീഡിയ കോഓഡിനേറ്റര്‍ സിയാഹുല്‍ ഹഖ് ലാരി നന്ദി പറഞ്ഞു.