ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന് മസ്കത്തിൽ തുടക്കം
text_fieldsഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന്റെ എട്ടാമത് പതിപ്പിന് മസ്കത്തിൽ തുടക്കമായപ്പോൾ
മസ്കത്ത്: ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന്റെ എട്ടാമത് പതിപ്പിന് മസ്കത്തിൽ തുടക്കമായി.‘സമുദ്ര പങ്കാളിത്തത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കുള്ള യാത്ര’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം വെറുമൊരു ജലാശയമല്ല മറിച്ച് സാമ്പത്തിക ജീവിതത്തിന്റെ ഒരു ധമനിയാണെന്ന് പ്രതിഫലിപ്പിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു. ഇത് സമ്പദ്വ്യവസ്ഥക്കുള്ള ഒരു ജീവരേഖയും വിനിമയത്തിനുള്ള ഒരു ചാനലുമാണ്.
സമുദ്രകാര്യ നിയന്ത്രണം, കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം, തീരദേശ സമൂഹങ്ങളുടെ കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ പുരോഗമനത്തിന്റെ ഉത്തരവാദിത്വം നമുക്കുണ്ട്. നമ്മുടെ സമുദ്രത്തിന്റെ വിശാലമായ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു അവസരം കൂടിയാണ്. രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം ആവശ്യമാണ്. ഒമാന്‍ എല്ലാ രാജ്യങ്ങളെയും സുഹൃത്തുക്കളായി കാണുന്നുവെന്നും സയ്യിദ് ബദര്‍ അല്‍ ബുസൈദി പറഞ്ഞു. മേഖലയിൽ സമുദ്ര പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കർ അടിവരയിട്ട് പറഞ്ഞു.ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി, നാവിക സുരക്ഷയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിലും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും പ്രാദേശിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിലും ഇന്ത്യയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
സമുദ്രമേഖലയിൽ ഉൾക്കൊള്ളലിന്റെയും പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെയും പ്രാധാന്യം രണ്ട് ദിവസത്തെ സമ്മേളനം എടുത്തുകാണിക്കും. 60ലധികം രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പങ്കാളികൾ പങ്കെടുക്കുന്നുണ്ട്. ഇത് മേഖലയുടെ തന്ത്രപരമായ പ്രാധാന്യത്തെയും സഹകരണപരമായ പരിഹാരങ്ങളുടെ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായുള്ള വാർഷിക അന്താരാഷ്ട്ര വേദിയാണ് ഇന്ത്യൻ മഹാസമുദ്ര സമ്മേളനം (ഐ.ഒ.സി). സമുദ്ര സുരക്ഷ, സാമ്പത്തിക വികസനം, പരിസ്ഥിതി സുസ്ഥിരത, ഭൂരാഷ്ട്രീയം എന്നിവയുൾപ്പെടെ പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സർക്കാർ തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, സ്വകാര്യമേഖല പ്രതിനിധികൾ, പണ്ഡിതർ, വിദഗ്ധർ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്കും മേഖലയിലെ തന്ത്രപരമായ താൽപര്യങ്ങളുള്ള ആഗോള ശക്തികൾക്കും ഇടയിൽ സംഭാഷണവും സഹകരണവും വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
2016ൽ സ്ഥാപിതമായതുമുതൽ, സംഭാഷണവും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള പ്രധാന വേദിയായി ഐ.ഒ.സി മാറിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, ഒമാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ അതിന്റെ നടപടിക്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക തടസ്സങ്ങൾ തുടങ്ങിയ ഉയർന്നുവരുന്ന വെല്ലുവിളികൾക്കൊപ്പം, നാവികശക്തി, പ്രദേശിക തർക്കങ്ങൾ തുടങ്ങിയ പരമ്പരാഗത സുരക്ഷാ ആശങ്കകളും സമ്മേളനം അഭിസംബോധനം ചെയ്യുന്നുണ്ട്.
വ്യാപാര ഇടനാഴികൾ മെച്ചപ്പെടുത്തുന്നതിനും, നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും, പരിസ്ഥിതി സുസ്ഥിരത വളർത്തുന്നതിനും, തുറമുഖ സുരക്ഷക്കും ഭരണത്തിനും സാങ്കേതിക പുരോഗതി പ്രയോജനപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ സമ്മേളനം പര്യവേക്ഷണം ചെയ്യും. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുന്നതിനും പങ്കാളികൾക്ക് ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകൾക്ക് അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

