ബാങ്ക് ഗാരണ്ടി ഒഴിവാക്കിയ നടപടി: ഇന്ത്യൻ വേലക്കാരികളുടെ സുരക്ഷയെ ബാധിക്കുമെന്ന് വിമർശനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യൻ വീട്ടുവേലക്കാരികളെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ 2500 യു.എസ് ഡോളർ (ഏകദേശം 1,60,000 രൂപ) ബാങ്ക് ഗാരണ്ടി കെട്ടിവെക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞത് ജോലിക്കാരുടെ സുരക്ഷ ഇല്ലാതാക്കിയതായി സാമൂഹിക പ്രവർത്തകർ. തൊഴിലുടമ ശമ്പളം നൽകിയിട്ടില്ലെങ്കിൽ സെക്യൂരിറ്റി ഫീസിൽനിന്ന് ഇൗടാക്കി വീട്ടുവേലക്കാരികൾക്ക് നൽകാൻ കഴിഞ്ഞിരുന്നുവെന്നും ബാങ്ക് ഗാരണ്ടി ഒഴിവാക്കിയതോടെ ഇൗ സാധ്യത ഇല്ലാതായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടിശ്ശിക ശമ്പളം ഇൗടാക്കുന്നതിന് പുറമെ തൊഴിലുടമകളുടെ പീഡനത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരവും ഇൗ തുകയിൽനിന്ന് ലഭ്യമാക്കിയിരുന്നു.
വീട്ടുവേലക്കാരികളുടെ ക്ഷേമത്തിനായി 2014ലാണ് ബാങ്ക് ഗാരണ്ടി ഏർപ്പെടുത്തിയത്. കുവൈത്തിന് പുറമെ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വേലക്കാരികളുടെ നിയമനത്തിനും ബാങ്ക് ഗാരണ്ടി ഏർപ്പെടുത്തിയിരുന്നു. ഇതിൽ കുവൈത്തിലേക്കുളളത് മാത്രമാണ് ഒഴിവാക്കിയത്. ബാങ്ക് ഗാരണ്ടി ഒഴിവാക്കണമെന്ന് ബഹ്റൈൻ അധികൃതർ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. കുവൈത്തിലെ നിയമനത്തിന് ബാങ്ക് ഗാരണ്ടി ഇളവ് നൽകിയതോടെ മറ്റു രാജ്യങ്ങളും സമ്മർദം ശക്തമാക്കുമെന്ന ആശങ്കയുമുണ്ട്.
ബാങ്ക് ഗാരണ്ടി ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളുടെ നിയമനം കുവൈത്ത് നിർത്തിവെച്ചിരുന്നു. മൂന്നു വർഷം നിയമന വിലക്ക് നിലനിന്നു. എന്നാൽ, ബാങ്ക് ഗാരണ്ടി നിബന്ധന ഇന്ത്യ പിൻവലിച്ചതോടെ കുവൈത്ത് നിയമന നടപടികൾ പുനഃസ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്നതുപോലെ 400 ദീനാർ കൊണ്ട് ഇന്ത്യയിൽനിന്നുള്ള വേലക്കാരിയുടെ നിയമന നടപടികൾ പൂർത്തിയാക്കാൻ ഇപ്പോൾ സാധിക്കും. ഇന്ത്യൻ വേലക്കാരികളുടെ നിയമനനടപടികൾക്കായി ആറ് ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏജൻസികൾ മുഖേനയല്ലാതെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ എത്തിക്കാൻ സാധിക്കില്ല.
എന്നാൽ, സ്പോൺസർമാർക്ക് വേലക്കാരികളെ നേരിട്ട് റിക്രൂട്ട് ചെയ്യാം. ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോൾ യാത്രാ ടിക്കറ്റിന് വേണ്ട തുകയും ഇന്ത്യയിലും കുവൈത്തിലെ ഇന്ത്യൻ എംബസിയിലുമായുള്ള നടപടികൾക്കും വേണ്ടിവരുന്ന ഫീസും മാത്രമേ സ്പോൺസർക്ക് ബാധ്യതയായി വരുന്നുള്ളൂ. ബാങ്ക് ഗാരണ്ടി വീട്ടുജോലിക്കാർക്ക് ഒരു തരത്തിലുള്ള സംരക്ഷണമായിരുന്നുവെന്നും ഇത് എടുത്തുകളഞ്ഞത് അവരെ ദുരിതത്തിലാക്കുമെന്നും പ്രവാസികളുടെ അവകാശങ്ങൾക്കായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷൻ ഡൊമസ്റ്റിക് വർക്കേഴ്സ് മൂവ്മെൻറിെൻറ പ്രവർത്തക സിസ്റ്റർ ജോസഫൈൻ വളർമതി അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് ഇന്ത്യൻ സർക്കാർ ഇനി എങ്ങനെ നഷ്ടപരിഹാരം നൽകുമെന്ന് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ പ്രവാസി പഠനകേന്ദ്രം ഡയറക്ടർ റഫീഖ് റാവുത്തർ ചോദിക്കുന്നു. ബാങ്ക് ഗാരണ്ടി ഒഴിവാക്കിയ നടപടി കാര്യങ്ങൾ കൂടുതൽ വഷളാക്കും. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നതിനാൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഫീസ് ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്തു. പ്രതിവർഷം 30,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ, സുരക്ഷിതമല്ലാത്ത െതാഴിലവസരങ്ങൾ ഭീഷണിയാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം 9.2 ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്. ഇവരിൽ 2.7 ലക്ഷവും ഗാർഹിക തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 3.6 ലക്ഷം പേർ സ്വകാര്യ മേഖലയിലാണ് ജോലിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
