Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് ഒമാനിലെത്തും

text_fields
bookmark_border
ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി ബന്ധം ദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം
ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് ഒമാനിലെത്തും
cancel
camera_alt

കു​ൈവത്ത് സന്ദർശന വേളയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ

മസ്കത്ത്: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യാഴാഴ്ച ഒമാനിലെത്തും. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിൽ നിർണായക ചുവടുവെപ്പാകും ഈ സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചു ദിവസത്തെ ഒദ്യോഗിക ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഡോ. എസ്. ജയ്ശങ്കർ മസ്കത്തിൽ എത്തുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒമാനിൽ തങ്ങുന്ന അദ്ദേഹം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായും മറ്റ് ഉന്നത ഭരണനേതൃത്വങ്ങളുമായും കൂടിക്കാഴ്ച നടത്തും. 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയിൽ ഇരുരാജ്യങ്ങളും എടുത്ത പ്രധാന തീരുമാനങ്ങളുടെ പുരോഗതി ഇരുമന്ത്രിമാരും വിലയിരുത്തും. കൂടാതെ, കഴിഞ്ഞ ജൂൺ ഒന്നു മുതൽ ഔദ്യോഗികമായി നിലവിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭാവി റോഡ് മാപ്പും ചർച്ചകളിൽ പ്രധാന വിഷയമാവും.

ഗൾഫ് പര്യടനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായും വിദേശകാര്യമന്ത്രിമാരുമായും ഡോ. എസ്. ജയ്ശങ്കർ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ജൂലൈ അഞ്ചിന് ദോഹയിലെത്തിയ അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ബഹ്‌റൈൻ രാജാവുമായും മറ്റ് ഉന്നത നേതാക്കളുമായും നടത്തിയ ചർച്ചകളിൽ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ജയ്ശങ്കർ ആവർത്തിച്ചു വ്യക്തമാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു കുവൈത്ത് സന്ദർശനം. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജർറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹുമായി അദ്ദേഹം ഔദ്യോഗിക ചർച്ചകൾ നടത്തി. വ്യാപാരം, തൊഴിൽ, ഊർജ്ജം, നിക്ഷേപം, കോൺസുലാർ സഹകരണം എന്നിവക്ക് പുറമെ പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും കൂടിക്കാഴ്ചകളിൽ ചർച്ചയായി.

ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്താനും വ്യാപാര-സാമ്പത്തിക സുരക്ഷാ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്താനും ഡോ. എസ്. ജയ്ശങ്കറിന്റെ ഈ പര്യടനം വഴി സാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Foreign Minister to arrive in Oman today
Next Story