ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റ സ്വാധീനം ചര്‍ച്ച ചെയ്യണം –ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഒമാന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഐ.സി.എഫ്. എസ്.വൈ.എസ് പ്ലാറ്റിനം ഇയര്‍ ആഘോഷഭാഗമായി പ്രവാസലോകത്ത് ആയിരം സ്ഥലങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ പ്രമേയമായ ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍‘ വിഷയം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദി തുറക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നവംബർ ഏഴു മുതല്‍ 10 വരെ തീയതികളിലാണ് സമ്മേളനങ്ങള്‍ നടക്കുക.
കുടിയേറ്റം സാമ്പത്തികരംഗങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരന്തരം പരാമര്‍ശിക്കപ്പെടാറുണ്ട്. അതേസമയം, സാമൂഹിക മേഖലകളില്‍ പ്രവാസം ഏതൊക്കെ രീതിയില്‍ പ്രതിഫലിക്കപ്പെട്ടുവെന്ന് ഗവേഷണം ചെയ്യപ്പെടേണ്ടതാണ്.
പ്രവാസലോകത്തിന്റെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ കൊണ്ടുവരാനാണ് പ്രമേയത്തിലൂടെ ശ്രമിക്കുന്നത്. വരണ്ടുപരന്നു കിടന്ന മരുഭൂമിയില്‍ ഇന്ന് കാണുന്ന വികസന മുന്നേറ്റത്തില്‍ പ്രവാസികളുടെ വലിയ സംഭാവനകളെയും ഉയര്‍ത്തിക്കാട്ടും.
യൂനിറ്റ് സമ്മേളനഭാഗമായി നിരവധി സംരംഭങ്ങള്‍ക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗള്‍ഫ് പ്രവാസി മലയാളിയെന്ന കൗതുകകരമായ അന്വേഷണം അതിലൊന്നാണ്. സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. ‘സ്പര്‍ശം’ പദ്ധതിയില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്ക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും.
ആശുപത്രികളില്‍ രോഗി സന്ദര്‍ശനം, സഹായം, ജയില്‍ സന്ദര്‍ശനം, ക്ലീനപ്പ് കാമ്പയിന്, രക്തദാനം, രക്ത ഗ്രൂപ് നിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, എംബസി, പാസ്പോര്‍ട്ട്, ഇഖാമ മാര്‍ഗനിര്‍ദേശം, നോര്‍ക്ക സേവനങ്ങള്‍, നാട്ടില്‍ പോകാനാകാത്തവര്‍ക്ക് എയര്‍ ടിക്കറ്റ്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതില്‍ ഉള്‍പ്പെടും.
സമ്മേളന സ്മാരകമായി ‘രിഫായി കെയര്‍’ എന്ന പേരില്‍ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ബോധവത്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരഞ്ഞെടുത്ത 1000 കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി.
മാസത്തില്‍ 2,500 ഇന്ത്യന്‍ രൂപ വീതം ഒരു വര്‍ഷം 30,000 രൂപ നല്കുന്ന ഈ പദ്ധതിയില്‍ ഐ.സി.എഫ് ഘടകങ്ങള്‍ മൂന്ന് കോടി രൂപ വിനിയോഗിക്കും.
വാര്‍ത്തസമ്മേളനത്തില്‍ ഐ.സി.എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, ഫിനാന്‍സ് സെക്രട്ടറി അശ്റഫ് ഹാജി, ഓര്ഗനൈസേഷന് പ്രസിഡന്റ് അഫ്സല് എറിയാട്, സെക്രട്ടറി നിഷാദ് ഗുബ്ര, അസ്മിന് സെക്രട്ടറി ജാഫര്‍ ഓടത്തോട് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

