മസ്കത്ത് ഇന്ത്യൻ എംബസി അന്താരാഷ്ട്ര വനിതദിനാചരണം
text_fieldsമസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മാൻഡ്വി ടു മസ്കത്ത്’ പ്രഭാഷണ പരമ്പരയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ
ഡോ. സന്ധ്യ റാവു മേത്ത സംസാരിക്കുന്നു
മസ്കത്ത്: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി സ്ത്രീകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ‘മാൻഡ്വി ടു മസ്കത്ത്’ പരമ്പരയിൽ അഞ്ചാമത് പ്രഭാഷണം സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡോ. സന്ധ്യ റാവു മേത്ത പ്രഭാഷണം നടത്തി.
‘ഒമാനിലെ ചരിത്ര ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണ വിവരണങ്ങൾ’ എന്ന തലക്കെട്ടിലുള്ള പ്രഭാഷണം പ്രവാസിസ്ത്രീകളുടെ ജീവിതത്തിന്റെ സമ്പന്നമായ കഥകളിലേക്ക് ആഴ്ന്നിറങ്ങുന്നതായി. ശ്രദ്ധേയരായ സ്ത്രീകളുടെ എഴുതപ്പെടാത്ത ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന നിരവധി കാര്യങ്ങൾ അവർ സദസ്സുമായി പങ്കുവെച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്നുവരെയുള്ള ഒമാനിലെ ഇന്ത്യൻ സ്ത്രീകളുടെ ചരിത്രം സൂക്ഷ്മമായി വിശദീകരിച്ച അവർ, ഈ യാത്രയെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളായി തരംതിരിക്കുകയും ചെയ്തു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എത്തിയ ‘ദി പയനിയേഴ്സ്’, 1970-2000 വരെയുള്ള ‘ദ സെറ്റിൽസ്’, വർത്തമാനകാലത്തെയും അതിനപ്പുറവും പ്രതിനിധീകരിക്കുന്ന ‘സംരംഭകർ’ എന്നിങ്ങനെയാണ് തരംതിരിച്ചത്.
സുൽത്താനേറ്റിലെ പ്രവാസി സ്ത്രീകളുടെ പൊതുപങ്കാളിത്തത്തിന്റെ ശ്രദ്ധേയമായ കഥകളും 1947 ആഗസ്റ്റ് 15ന് മസ്കത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യം ആഘോഷിക്കുന്ന പ്രവാസി സ്ത്രീകളെക്കുറിച്ചും അവർ പ്രഭാഷണത്തിൽ വിവരിക്കുകയുണ്ടായി.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ ഭാര്യ ദിവ്യ നാരങ്ങും ചടങ്ങിൽ സംസാരിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെയും അവരുടെ ബഹുമുഖമായ റോളുകളെക്കുറിച്ച് അവർ വിശദീകരിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യൻ സമൂഹം, ഇന്ത്യൻ വംശജരായ ഒമാനികൾ, പണ്ഡിതന്മാർ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു.
ഏഴു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര ഏപ്രിലിലാണ് അവസാനിക്കുക. ഇന്ത്യ-ഒമാൻ ചരിത്രബന്ധങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, നരവംശശാസ്ത്രജ്ഞർ തുടങ്ങിയവർ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

