പാസ്‌പോർട്ട്, വിസ എന്നിവയുടെ പേരിൽ പണം തട്ടാൻ ശ്രമം; ഒമാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
text_fieldsമസ്‌കത്ത്: പാസ്‌പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഔദ്യോഗിക രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എംബസിയുടെ ജാഗ്രതാനിർദേശം.
പാസ്‌പോർട്ട്, വിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവരെന്ന വ്യാജേനയാണ് ചിലർ വിളിക്കുന്നത്. രേഖകളിൽ പ്രശ്നങ്ങളുണ്ടെന്നും പണം നൽകിയാൽ അവ പരിഹരിക്കാമെന്നും ഇവർ വാഗ്ദാനം ചെയ്തേക്കാം. ഇത്തരം കോളുകൾ സാമ്പത്തിക തട്ടിപ്പിന്റെയും ആൾമാറാട്ടത്തിന്റെയും ഭാഗമായിരിക്കാമെന്ന് എംബസി മുന്നറിയിപ്പ് നൽകി.
വ്യക്തിഗത വിവരങ്ങൾ കൈമാറരുത്
അപരിചിതർക്ക് പാസ്‌പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകളോ ചിത്രങ്ങളോ കൈമാറരുത്. ഔദ്യോഗിക നടപടികൾക്കായി പണം ആവശ്യമാണെന്ന് പറഞ്ഞ് വിളിക്കുന്നവർക്ക് പണം നൽകുകയും ചെയ്യരുത്. ഫോണിൽ കാണുന്ന നമ്പർ മാത്രം വിശ്വസിച്ച് വിളിക്കുന്നയാളുടെ വ്യക്തിത്വം ഉറപ്പാക്കരുതെന്നും എംബസി നിർദേശിച്ചു.വിസ റദ്ദാക്കൽ, നാടുകടത്തൽ, അറസ്റ്റ്, നിയമനടപടി, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ഉടൻ പണം നൽകാൻ നിർബന്ധിച്ചാൽ ജാഗ്രത പാലിക്കണം.
എംബസി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്നവരുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കണം.ഇതിനകം പണം കൈമാറുകയോ ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തവർ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും ഒമാനിലെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുകയും വേണം.തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ എംബസിയുടെ കോൺസുലാർ വിഭാഗത്തെ cons.muscat@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും പ്രവാസി ക്ഷേമ വിഭാഗത്തെ cw.muscat@mea.gov.in എന്ന വിലാസത്തിലും അറിയിക്കാം.

