കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കും -മസ്കത്ത് ഇന്ത്യൻ എംബസി
text_fieldsമസ്കത്ത് ഇന്ത്യൻ എംബസി
മസ്കത്ത്: ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എടുത്ത് വരികയാണെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള സുനിൽ ദാസ്, മുസ്തഫ സെയ്ഖ്, കേസബുർ , ഗൗൾ സെയ്ഖ്, ഗോബിന്ദ മുർമു, ദീരൻ ബാസ്കി, അഷ്റഫ്, ഖൈറുൾ, സുരിൻ മുർമു, സോം മുർമു, ഛോട്ടാ മുർമു എന്നിങ്ങനെ 11 തൊഴിലാളികളാണ് സുൽത്താനേറ്റിൽ അകപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യൻ ദിനപത്രമായ ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. റിക്രൂട്ട്മെന്റ് ഏജൻസിയുടെ വഞ്ചനയെ തുടർന്ന് അവർക്ക് യാതൊരു സഹായവും ലഭിച്ചില്ലെന്ന് പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എം.പിയും സംസ്ഥാനത്തെ കുടിയേറ്റ ക്ഷേമ ബോർഡ് ചെയർപേഴ്സണുമായ സമീറുൽ ഇസ്ലാം പറഞ്ഞതായി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.
ഈ വിഷയത്തിലാണ് മസ്കത്ത് ഇന്ത്യൻ എംബസി ഇടപ്പെട്ട് നടപടികൾ സ്വീകരിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വേതനം നൽകാത്തതുമായി ബന്ധപ്പെട്ട പരാതികളുമായി തൊഴിലാളികളുടെ സംഘം ഉദ്യോഗസ്ഥരെ സമീപിച്ചതായി എംബസി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംബസി ഉടൻതന്നെ പ്രാദേശിക അധികാരികളുമായും തൊഴിലുടമയുമായും ബന്ധപ്പെട്ടിട്ടുണ്ട്. അവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ നേരത്തെ നാട്ടിലേക്ക് എത്തിക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും എംബസി പ്രസ്താവനിൽ പറഞ്ഞു.
തൊഴിലാളികളുടെ കുടുംബങ്ങൾ പ്രാദേശിക നേതൃത്വത്തിനും മുർഷിദാബാദ് ജില്ല ഭരണകൂടത്തിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാൾ സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ മദദ് പോർട്ടൽ വഴി പരാതി ഫയൽ ചെയ്യുകയും മസ്കത്തിലെ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.ഒമാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ക്ഷേമത്തിനായുള്ള പ്രതിബദ്ധത എംബസി ആവർത്തിച്ചു വ്യക്തമാക്കി. ദുരിതബാധിതരായ വ്യക്തികളെ എത്രയും വേഗം സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

