വിപുലമായ ആഘോഷ പരിപാടികളുമായി ഇന്ത്യൻ എംബസി
text_fieldsമസ്‌കത്ത്: ഇന്ത്യയുടെ 80-ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾക്ക് മസ്‌കത്തിലെ ഇന്ത്യൻ എംബസി വേദിയൊരുക്കും. ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക, വിനോദ പരിപാടികളാണ് എംബസിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ പതാക ഉയർത്തൽ ചടങ്ങ് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 രാവിലെ 6.15 മുതൽ ഇന്ത്യൻ എംബസി പരിസരത്ത് ആരംഭിക്കും. ഒമാനിലെ മുഴുവൻ ഇന്ത്യൻ പൗരന്മാരെയും അഭ്യുദയകാംക്ഷികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ secyamb.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി ഒട്ടനവധി പരിപാടികളാണ് എംബസി ഇതിനകം സംഘടിപ്പിച്ചു വരുന്നത്. എല്ലാ പ്രായക്കാർക്കുമായി എംബസി പ്രത്യേക ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് വിജയികളെ 15-ന് നടക്കുന്ന പ്രധാന ചടങ്ങിൽ ആദരിക്കും.
ഒമാനിലെ 22 ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'വികസിത് ഭാരത്' എന്ന പ്രമേയത്തിൽ ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ എംബസി സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസുമായി സഹകരിച്ച് ഇന്ത്യൻ സമൂഹത്തിനും വിദ്യാർഥികൾക്കുമായി ബുധനാഴ്ച പ്രത്യേക വെർച്വൽ ഫഡ് പെയിന്റിംഗ് വർക്ക്‌ഷോപ്പും എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഇന്ത്യയുടെ ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് പ്രവാസികളിൽ അവബോധം വളർത്തുന്നതിനായി 'ഭാരത് കോ ജാനിയേ' ക്വിസിന്റെ പ്രത്യേക സ്വാതന്ത്ര്യദിന പതിപ്പും എംബസി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ തനത് സംസ്‌കാരവും വികസന കാഴ്ചപ്പാടുകളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഓരോ ആഘോഷ പരിപാടികളും എംബസി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പ്രവാസികളും ആഘോഷങ്ങളുടെ ഭാഗമാകണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

