പാസ്പോർട്ട്, വിസ, കോൺസുലാർ സേവന കരാർ വ്യക്തമാക്കി ഇന്ത്യൻ എംബസി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സേവന ദാതാക്കളായ എസ്.ജി.ഐ.വി.എസുമായുള്ള നിലവിലുള്ള കരാർ വ്യവസ്ഥകൾ വ്യക്തമാക്കി ഇന്ത്യൻ എംബസി. എസ്.ജി.ഐ.വി.എസാണ് നിലവിൽ എംബസിയുടെ അംഗീകൃത സേവന ദാതാവെന്നും മറ്റ് ഏജൻസികൾക്കോ വ്യക്തികൾക്കോ ഇതിനായി അനുമതിയില്ലെന്നും എംബസി അറിയിച്ചു. എംബസിയുമായുള്ള കരാർ പ്രകാരം, ഒമാനിലെ 11 എസ്.ജി.ഐ.വി.എസ് സെന്ററുകളിലും അപേക്ഷകൾ സ്വീകരിക്കണം. മുൻകൂട്ടി അപോയിൻമെന്റ് എടുത്തവർക്ക് നിശ്ചിത സമയത്ത് മുൻഗണന നൽകണം. അല്ലാത്തവരെ തിരക്കില്ലാത്ത സമയങ്ങളിൽ പരിഗണിക്കേണ്ടതാണ്.
പാസ്പോർട്ട് അപേക്ഷകർ ഫോട്ടോ കൊണ്ടുവരേണ്ടതില്ല. സർവീസ് ചാർജായ ആറു റിയാലിന് പുറമെ അധിക തുക ഈടാക്കാതെ സെന്ററിൽ വെച്ച് തന്നെ ഫോട്ടോ എടുത്തു നൽകേണ്ടത് എസ്.ജി.ഐ.വി.എസിന്റെ ഉത്തരവാദിത്തമാണ്. അതോടൊപ്പം, അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനോ രേഖകളുടെ പകർപ്പ് എടുക്കുന്നതിനോ അധിക തുക ഈടാക്കാൻ പാടില്ല. ആറു റിയാൽ എന്ന സർവിസ് ഫീസിൽ ഈ സേവനങ്ങളെല്ലാം ഉൾപ്പെടും.
അപേക്ഷകർക്ക് സംശയമുള്ള കാര്യങ്ങളിൽ എംബസിയിൽ നിന്ന് എസ്.ജി.ഐ.വി.എസ് അധികൃതർ രേഖാമൂലം വിശദീകരണം തേടി അപേക്ഷകരെ അറിയിക്കണം. കൃത്യമായ കാരണങ്ങളില്ലാതെ അപേക്ഷകരെ എംബസിയിലേക്ക് നേരിട്ട് അയക്കാൻ പാടില്ലെന്നും എംബസി വ്യക്തമാക്കി. പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ കൊറിയർ വഴി തിരികെ എത്തിക്കുന്നത് എസ്.ജി.ഐ.വി.എസിന്റെ ചുമതലയാണ്. ഇതിനായി അധിക തുക ഈടാക്കരുത്. രേഖകൾ നേരിട്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർ അപേക്ഷാ സമയത്ത് രേഖാമൂലം അപേക്ഷ നൽകണം. രേഖകൾ അയക്കുമ്പോൾ അപേക്ഷകർക്ക് എസ്.എം.എസ് അല്ലെങ്കിൽ വാട്സാപ്പ് വഴി അറിയിപ്പ് നൽകണം. സൗജന്യ ഹെൽപ് ലൈൻ നമ്പറുകളും വാട്സാപ്പ് ചാറ്റ് ബോട്ടും (നമ്പർ: 72596614) വഴി അപേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകണം.
ഒരു അപേക്ഷക്ക് ആറു ഒമാനി റിയാൽ മാത്രമേ സർവീസ് ചാർജ് ആയി ഈടാക്കാൻ പാടുള്ളൂ. പ്രീമിയം ലോഞ്ച് ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളുടെ പേരിൽ അധിക തുക വാങ്ങാൻ പാടുള്ളതല്ല. ഫീസിനത്തിൽ ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട കോൺസുലാർ, പാസ്പോർട്ട് അല്ലെങ്കിൽ വിസ ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ലിയു.എഫ്) ചാർജുകൾ, എസ്.ജി.ഐ.വി.എസ് സേവന ഫീസ് എന്നിവ ഉൾപ്പെടാം. ഔദ്യോഗിക രസീത് നൽകാതെ അപേക്ഷകർ പണമടക്കരുത്.
എസ്.ജി.ഐ.വി.എസ് കേന്ദ്രങ്ങളിൽ മതിയായ പാർക്കിങ് സൗകര്യം ഒരുക്കണം. കരാർ വ്യവസ്ഥകളിൽ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ cons.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകർക്ക് പരാതിപ്പെടാം. പരാതിക്കൊപ്പം ബന്ധപ്പെട്ട രേഖകൾ, വീഡിയോ/ഓഡിയോ റെക്കോർഡിങ്ങുകൾ അല്ലെങ്കിൽ വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ രഹസ്യമാക്കണമെന്ന് ആഗ്രഹിക്കുന്നവർ sscons.muscat@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കണമെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

