ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു; വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറി -മുഖ്യമന്ത്രി
text_fieldsമസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ: വി.കെ. െഷഫീർ
മസ്കത്ത്: വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും ഇനിയും കേരളത്തിന് മുന്നേറാനുണ്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മസ്കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം മുന്നോട്ടുപോകണം എന്ന പ്രതിബദ്ധത കേരള സർക്കാറിനുണ്ട്. സർക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധത. എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങില്ല.
ഇടതുസർക്കാറിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു ഒമാനിലെ പ്രവാസികൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. വികസനകാര്യത്തിൽ മുൻ സർക്കാറുകൾ കാണിച്ച കെടുകാര്യസ്ഥതയാണ് കേരളത്തെ പലപ്പോഴും പിറകോട്ടുനിർത്തിയത്. തുടർഭരണം നാടിന്റെ വികസനത്തിന് സഹായിക്കുന്നതാണെന്ന് തെളിഞ്ഞിരിക്കുന്നു. വീണ്ടും തുടർഭരണത്തിന് ജനങ്ങൾ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന്റെ വികസനകാര്യത്തിൽ പ്രവാസികൾ വലിയ പങ്കാണ് വഹിച്ചത്. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക മാറ്റം പ്രവാസികളിലും മാറ്റമുണ്ടാക്കി. ഇനിയും കുറവുകൾ പരിഹരിച്ച് നമ്മൾ മുന്നോട്ടു പോകണം. കേരളത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ കുറച്ചുകൂടി വേഗം വേണമെന്ന് ഇവിടെ അഭിപ്രായം ഉയർന്നിരുന്നു. പ്രവാസികളോട് കേരളത്തെക്കുറിച്ച് കുറ്റം പറയുകയല്ലെന്നും അവർ ജീവിക്കുന്ന നാടിന്റെ അതേ ഉയരത്തിലേക്ക് കേരളവും എത്തിച്ചേരണമെന്ന അഭിലാഷം പങ്കുവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവർക്കും വഴി നടക്കാൻ പറ്റാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. അത്തരം കാര്യങ്ങൾക്കെതിരെ നവോത്ഥാനനായകർ പടപൊരുതി. നവോത്ഥാനം ശരിയായ വിധത്തിൽ കേരളം ഏറ്റെടുത്തതിന്റെ ഫലമാണ് നമ്മൾ ഇന്നു കാണുന്ന വിദ്യാഭ്യാസ സാമൂഹിക മാറ്റം.
കേരള മോഡൽ എന്നു വിളിക്കുന്ന ഇൗ മുന്നേറ്റത്തിന് വഴി തെളിച്ചത് 1957 ലെ ഒന്നാം കേരള സർക്കാറാണ്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നേട്ടങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകൻ, മുൻ മന്ത്രി അഹ്മദ് ദേവർകോവിൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ ഡോ.എം.എ. യൂസുഫലി, ഗൾഫാർ ഗ്രൂപ് ചെയർമാൻ ഗൾഫാർ മുഹമ്മദലി, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ നവാസ്, ഒമാൻ ഢചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അംഗവും ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡയറക്ടർ അബ്ദുല്ലത്തീഫ് ഉപ്പള, സംഘാടക സമിതി കൺവീനർ വിൽസൻ ജോർജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബുരാജ്, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്നകുമാർ, ലോക കേരള സഭാംഗങ്ങളായ ബിന്ദു, എലിസബത്ത് ജോസഫ്, നിസാർ സഖാഫി, ഗിരീഷ് കുമാർ, ഫാ. ഏലിയാസ്, രാജേഷ്, ഷക്കീൽ, അജയൻ പൊയ്യാറ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

