ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ; നാൾവഴികളിലൂടെ
text_fieldsനടി ശബാന ആസ്മി അടക്കമുള്ള പ്രമുഖർ അണിനിരന്ന 2013ലെ കേരളോത്സവ വേദി
1992 ല്‍ കൈരളി ആര്‍ട്സ് ക്ലബ് എന്ന കലാ സാംസ്കാരിക സംഘടനയാണ് കേരളോത്സവം എന്ന ആശയം രൂപപ്പെടുത്തി യാഥാര്‍ഥ്യമാക്കിയത്. കേരളത്തിന്റെ സംസ്കാരം, പാരമ്പര്യം, കല എന്നിവ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. വളരെ ആവേശപൂർവം അന്നത് ഒമാനിലെ മലയാളി സമൂഹം നെഞ്ചേറ്റുവാങ്ങി.
ഒമാനില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിലവില്‍വന്ന 1994 വരെ കേരളോത്സവം വിജയകരമായി അരങ്ങേറി. മറുനാടന്‍ മണ്ണില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്ന ഉത്സവപ്പറമ്പിന്റെ ആരവവും വര്‍ണശബളിമയും മലയാളി മനസ്സുകള്‍ നീണ്ട എട്ടു വര്‍ഷങ്ങള്‍ മധുരസ്മരണകളായി കൊണ്ടുനടന്നു.
2001 മാർച്ച് 29ന് മലയാളത്തിന്റെ ഗാന ഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന പ്രസിദ്ധമായ, ഈരടികള്‍ ചൊല്ലിക്കൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
2001 മാർച്ച് 29 ന് നടന്ന പരിപാടിയിൽ മലയാളത്തിൻറെ ഗാനഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ് സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നു
കേരള വിഭാഗം നിലവില്‍വന്നപ്പോള്‍ ഊര്‍ജസ്വലരായ കേരളവിഭാഗം പ്രവര്‍ത്തകര്‍ കേരളോത്സവം ഒരു അഭിമാന ദൗത്യമായി ഏറ്റെടുത്തു. മുന്‍കാലങ്ങളില്‍ കൈരളി ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍ സര്‍ക്കാറിന്റെ അംഗീകാരമുള്ള സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിലൂടെ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ഒമാന്‍ കണ്ട എക്കാലത്തെയും ജനകീയനായ ഇന്ത്യന്‍ സ്ഥാനപതി കെ.എം. മീണ ആ ദൗത്യത്തില്‍ ഊര്‍ജവും പ്രചോദനവുമായി. 2002ല്‍ നടന്ന കേരളോത്സവം കേരളത്തിന്റെ സാംസ്കാരിക നായകന് സുകുമാര്‍ അഴീക്കോടാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ സ്ഥാനപതി കെ.എം. മീണയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് നിരവധി നയതന്ത്രജ്ഞരും ഒമാന്‍ സർക്കാർ അധികാരികളും പങ്കെടുത്ത കേരളോത്സവം മഹത്തായ ഒരു ജൈത്രയാത്രയുടെ തുടക്കം കുറിക്കുകയായിരുന്നു.
2014 മുതല്‍ ഒമാന്‍ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ എന്ന പേരിലാണ് കേരളോത്സവം അരങ്ങേറുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് മുടങ്ങിപ്പോയ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 2023ൽ ആഘോഷപൂർവം പുനരാരംഭിക്കുകയുണ്ടായി.
കേരളം കണ്ട മികച്ച സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കലാ നായകന്മാരെല്ലാം കേരളോത്സവവേദിയെയും കേരള വിഭാഗം നടത്തിയ മറ്റു പരിപാടികളെയും ധന്യമാക്കിയിട്ടുണ്ട്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയന്, കെ.കെ. ശൈലജ, ഒ.എന്‍.വി കുറുപ്പ്, എം. മുകുന്ദന്, ടി.വി. ചന്ദ്രന്, പി.ടി. കുഞ്ഞുമുഹമ്മദ്, ടി.കെ. ഹംസ, കടമ്മനിട്ട രാമകൃഷ്ണന്, കെ.ഇ.എന്‍, പെരുവനം കുട്ടന് മാരാര്‍, കോങ്ങാട് വിജയന്, രാജന് ഗുരുക്കള്‍, കെ.എന്‍. പണിക്കര്‍, മധുസൂദനന് നായര്‍, വി.കെ. ശ്രീരാമന്, മുരുകന് കാട്ടാക്കട, ടി.എന്‍. പ്രകാശ്, ശബാനാ അസ്മി, ദയാഭായി, പി. രാജീവ്, പി.കെ. പോക്കര്, എം.ആര്. രാഘവ വാര്യര്‍, മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, ജോണ്‍ ബ്രിട്ടാസ്, പ്രിയനന്ദന്, കെ.ജെ. തോമസ്, ഫാ. വര്‍ഗീസ് ചെമ്പോലി, ഡോ. ഗംഗാധരന്, സുനിത കൃഷ്ണന്, പ്രഫ. ചന്ദ്രദത്ത്, കമൽ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
വാദ്യ ചക്രവര്‍ത്തി മട്ടന്നൂർ ശങ്കരന് കുട്ടി മാരാരുടെ വാദ്യപ്രപഞ്ചം ഗള്‍ഫില്‍ ആദ്യമായി മുഴങ്ങിയത് കേരളോത്സവ വേദിയിലാണ്. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ ശബ്ദം അറേബ്യന്‍ നാട്ടിലെ സ്ഥിരസാന്നിധ്യമാകുന്നതിന്റെ പിന്നിലും കേരള വിഭാഗം ആണെന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു. കഥകളിയും ചാക്യാര്‍ കൂത്തും ഉള്‍പ്പെടെയുള്ള നമ്മുടെ പരമ്പരാഗത കലാരൂപങ്ങളെ മസ്കത്തിനു പരിചയപ്പെടുത്തിയതിനു പിന്നിലും കേരളോത്സവത്തിന്റെ സംഭാവന ചെറുതല്ല. കരിന്തലക്കൂട്ടവും ജനനയനയും ആവേശം പടര്‍ത്തുന്ന ദ്രാവിഡകലാരൂപങ്ങളിലൂടെ പ്രവാസി മലയാളി മനസ്സുകള്‍ക്ക് ഉണര്‍ത്തു പാട്ടാകുന്നതിനും കേരളോത്സവവേദികള് സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ 24 വര്‍ഷക്കാലം ഒമാനിലെ പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണ നേടിക്കൊണ്ട് ഒമാന്റെ കലാ, സാംസ്കാരിക, സാമൂഹിക ക്ഷേമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കേരള വിഭാഗത്തിനു കഴിഞ്ഞിട്ടുണ്ട്. മുന്നൂറിലധികം അംഗങ്ങളുള്ള കേരളവിഭാഗം എന്ന സംഘടനക്ക് ഇത്തരമൊരു മഹാ മാമാങ്കം വിജയകരമായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത് വിപുലമായ ജനപിന്തുണയും പങ്കാളിത്തവും ഒന്നുകൊണ്ടു മാത്രമാണ്.
സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രവാസികളുടെ ഏറ്റവും മികച്ച കലാ-സാംസ്കാരിക മേളയായി ഈ ഉത്സവം മാറിക്കഴിഞ്ഞു. കേരളവിഭാഗത്തിന്റെ പ്രവര്‍ത്തകരും സഹയാത്രികരും അഭ്യുദയകാംക്ഷികളുമായി മസ്കത്തിലും ഒമാന്റെ ഇതര ഭാഗങ്ങളിലുമായി ഏതാണ്ട് അയ്യായിരത്തോളം പേര് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു.
ചരിത്രത്തിലാദ്യമായി കേരളത്തിൽ തുടർഭരണത്തിന് ചുക്കാൻപിടിക്കുന്ന ജനകീയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണ ഐ.സി.എഫിന്റെ മുഖ്യാതിഥിയായി എത്തുന്നത്. അദ്ദേഹത്തോടൊപ്പം നാട്ടിലും ഒമാനിലുമുള്ള പ്രമുഖരുടെ നീണ്ട നിരതന്നെ വേദിയെ അലങ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

