ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് ആഘോഷ സമാപനം
text_fieldsഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ അവതരിപ്പിച്ച പരിപാടിയിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ് സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ (ഐ.സി.എഫ്) സമാപിച്ചു. മൂന്നുദിവസങ്ങളിലായി മസ്കത്തിലെ അമീറാത്ത് പാർക്കിൽ നടന്ന ഫെസ്റ്റിവലിൽ ‘മനുഷ്യത്വമുള്ളവരാകാം, സമാധാനം പുലരട്ടെ’ എന്നതായിരുന്നു പ്രമേയം. ലോകമെമെമ്പാടും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കാലുഷ്യം നിറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രമേയം ഐ.സി.എഫ് സ്വീകരിച്ചതെന്ന് സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ് പറഞ്ഞു.
ഭക്ഷണ-പുസ്തക-വസ്ത്ര-ആഭരണ-അലങ്കാര സ്റ്റാളുകൾ, മലയാളം മിഷൻ, മാധ്യമം പവിലിയനുകൾ തുടങ്ങി നിരവധി ആകർഷണീയതകൾ നിറഞ്ഞ ഉത്സവവേദിയായി ഐ.സി.എഫ് മാറി. മാധ്യമം സ്റ്റാളിൽ സന്ദർശകർക്കായി സെൽഫി മത്സരം സംഘടിപ്പിച്ചു. നവോത്ഥാന നായകർ, സ്വാതന്ത്ര്യസമര സേനാനികൾ, കേരളത്തിലെ തനത് സാംസ്കാരിക ബിംബങ്ങൾ, നാടൻ കലാരൂപങ്ങൾ, കലശം-കാവടി തുടങ്ങി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പങ്കെടുക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയാണ് ഉദ്ഘാടകനായ മുഖ്യമന്ത്രിയെ വരവേറ്റത്.
കേരള വിങ് അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുപുറമെ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാഷാവിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ, മസ്കത്തിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട നൃത്തയിനങ്ങൾ, ഒമാനിലെ തദ്ദേശീയ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ, കേരളത്തിൽ നിന്നുള്ള 'കനൽ' ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി കലാപ്രകടങ്ങൾ മൂന്നുദിവസങ്ങളിലായി അരങ്ങേറി.
ഐ.സി.എഫിന്റെ ഭാഗമായി സംഘടിപ്പിച്ച മസ്ക്കത്ത് സയൻസ് ഫെസ്റ്റ്-സയൻസ് പ്രോജക്ട്-2025 മത്സരം വീക്ഷിക്കാനും നിരവധി പേരെത്തി. വെള്ളിയാഴ്ച കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്. ശാസ്ത്രപ്രചാരകനായ രതീഷ് കൃഷ്ണ മുഖ്യാതിഥിയായി. ഐ.സി.എഫ് സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്, കൺവീനർ അജയൻ പൊയ്യാറ, കേരള വിങ് ശാസ്ത്ര വിഭാഗം സെക്രട്ടറി റോഫിൻ കെ ജോൺ, ജോയന്റ് സെക്രട്ടറി അശ്വതി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒമാനിലെ ഇന്ത്യൻ, ഇൻറർനാഷനൽ സ്കൂളുകളിലെ വിദ്യാർഥികളിൽനിന്ന് ലഭിച്ച 360 ലേറെ ശാസ്ത്ര പ്രോജക്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പ്രോജക്ടുകളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. നിർമിതബുദ്ധി, ദൈനംദിന വ്യവഹാരങ്ങളിലെ ശാസ്ത്രം, നെറ്റ് സീറോ എന്നിങ്ങനെ മൂന്നുപ്രമേയങ്ങളാണ് ഈ വർഷത്തെ ശാസ്ത്ര പ്രോജക്ടുകൾക്കായി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

