ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീലവീണു
text_fieldsമസ്കത്ത്: ഓർത്തിരിക്കാൻ ഒത്തിരി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീല വീണു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി മസ്കത്തിലെ ആമിറാത് പാർക്കിൽ നടന്ന ആഘോഷ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയത്. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഊന്നിയായിരുന്നു ഈ വർഷത്തെ പരിപാടികൾ. രണ്ടാം ദിനമായ ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ള പരിപാടികൾക്കായി നേരത്തേതന്നെ കാണികൾ വേദിയിൽ ഇടംപിടിച്ചിരുന്നു.
മസകത്ത് പഞ്ചവാദ്യ സംഘത്തിന്റെ കേളി, തിമില വാദ്യതരംഗം ഫ്യൂഷനോടെയായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികൾക്ക് തുടക്കമായത്. ചിത്തൂർ സുരേന്ദ്രന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. സ്വദേശി പൗരൻമാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പരമ്പരാഗത ഒമാനി നൃത്തവും ചടങ്ങിന് മിഴിവേകി. കേരള വിഭാഗത്തിന്റെ കീഴിലുള്ള ‘സഖി’ ഡാൻസ്, തീം ഡാൻസ്, തൃശൂർ ജനനയനയുടെ ഒപ്പന, തിരുവാതിര, ശിങ്കാരിമേളം, കലശംകാവടി തുടങ്ങിയവയായിരുന്നു സമാപന ദിവസത്തിലെ പ്രധാന ആകർഷണം.
ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം ആറുവർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും എത്തുന്നത്. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെയാണ് പ്രവാസി സമൂഹം പരിപാടിയെ വരവേറ്റത്. കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ നടക്കുന്ന ഉത്സവ പരിപാടിക്ക് സമാനമായിരുന്നു ആഘോഷങ്ങൾ. ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രദർശനം കാണാനെത്തിയിരുന്നത്.
അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി വ്യാവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിൾ എനർജി എന്നിങ്ങനെ മൂന്നു വിഷയങ്ങളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന, വിതരണ കമ്പനിയായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ആണ് മുഖ്യപ്രായോജകർ.
കൈരളി-ജെ.കെ. ഫിലിം അവാർഡ് ഓമന ഔസേപ്പിന് സമ്മാനിച്ചു
മസ്കത്ത്: ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി (ഐ.സി.എഫ്) ഏർപ്പെടുത്തിയ കൈരളി-ജെ.കെ ഫിലിം അവാർഡ് മലയാള സിനിമാ താരം ഓമന ഔസേപ്പിന് നടൻ മനോജ് കെ. ജയൻ സമ്മാനിച്ചു. ചടങ്ങിൽ ഐ.സി.എഫ് പ്രതിനിധികൾ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, സിനിമ താരം പി.പി. കുഞ്ഞി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച ഓമന ഔസേപ്പ് കൊച്ചിയിൽ ഭർത്താവിനും മൂന്ന് മക്കളോടൊപ്പമാണ് താമസം. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും മനസ്സിനെ ബാധിക്കാതെ സീരിയലുകളിലും സിനിമകളും സജീവമായി മുന്നേറുകയാണ് 60 വയസ്സിലും ഈ അഭിനേത്രി. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായുള്ള ‘അടി’ എന്ന സിനിമയാണ് ഒടുവിൽ വേഷമിട്ട ചിത്രം.
ദേവാസുരം, മഗ്രിബ്, ഗോളാന്തര വാർത്ത, കമ്പോളം, സോപാനം, കടൽ, ഓർമകളുണ്ടായിരിക്കണം, ഇന്നലെകളില്ലാതെ, അഗ്നിസാക്ഷി (ശ്യാമപ്രസാദ്), സൂസന്ന, മഴ, ഏകാന്തം, മൈ ഗോഡ്, ബെൻ, നീന, മറിയംമുക്ക്, വന്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മധുരരാജ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

