ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മേയ് അഞ്ച്, ആറ് തീയതികളിൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മേയ് അഞ്ച്, ആറ് തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ ‘കേരളോത്സവം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പരിപാടി ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് വീണ്ടും എത്തുന്നത്. അമീറാത്ത് പാർക്കിൽ നടക്കുന്ന പരിപാടിയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയാകും. ഇന്ത്യയിൽനിന്നും ഒമാനിൽ നിന്നുമുള്ള കലാ സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ നിരവധി പേർ പങ്കെടുക്കും.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിന് വിൽസൺ ജോർജ് ചെയർമാനായി 40 അംഗ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒമാനിലെ സ്കൂൾ വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടാകും. മത്സര വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. 50,000ത്തിനും 60,000ത്തിനും ഇടയിലുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. നേരത്തേ നടന്നിരുന്ന ‘കേരളോത്സവ’ത്തിൽ നാട്ടിലെ ഉത്സവാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
പ്രശസ്ത നടി ഷബാന ആസ്മി, സുനിത കൃഷ്ണൻ, മേള കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, അർബുദരോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, കമൽ എന്നിവരൊക്കെ മുൻകാലങ്ങളിൽ മുഖ്യാതിഥികളായി എത്തിയിരുന്നു. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, വിൽസൺ ജോർജ്, അഡ്വ. ഗിരീഷ്, കെ. ബാലകൃഷ്ണൻ, അംബുജാക്ഷൻ, കെ.വി. വിജയൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

