ഇന്ത്യൻ തീരസുരക്ഷാസേനയുടെ കപ്പൽ ‘സമർഥ്’ മസ്കത്തിൽ
text_fieldsമസ്കത്ത്: ഇന്ത്യൻ തീരസുരക്ഷാസേനയുടെ കപ്പൽ സമർഥ് മസ്കത്തിലെത്തി. മൂന്നു ദിവസത്തെ സൗഹൃദ സന്ദർശനാർഥം എത്തിയ കപ്പൽ ചൊവ്വാഴ്ച രാവിലെയാണ് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടത്. നാലു രാഷ്ട്രങ്ങളിലെ പര്യടനത്തിെൻറ ഭാഗമായി എത്തിയ കപ്പൽ നാളെ മസ്കത്തിൽനിന്ന് യാത്ര തിരിക്കും. അഞ്ചുവർഷത്തിനിടെ ഒമാനിൽ എത്തിയ ഇന്ത്യൻ തീരസുരക്ഷാ സേനയുടെ അഞ്ചാമത്തെ കപ്പലാണ് സമർത്ഥ്. ഇരു രാഷ്ട്രങ്ങളിലെയും കോസ്റ്റ്ഗാർഡുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ, കടലിലെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളിലെ സഹകരണവും തുടങ്ങിയ വിഷയങ്ങളിൽ ഇരുരാഷ്ട്രങ്ങളിലെയും കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തും. ഇന്ത്യൻ തീരസുരക്ഷാ സേനയുടെ 105 മീറ്റർ നീളമുള്ള ഓഫ്ഷോർ പട്രോൾ കപ്പലുകളുടെ വിഭാഗത്തിലെ ആദ്യത്തേതാണ് സമർഥ്.
തദ്ദേശീയമായി ഗോവ ഷിപ്പ്യാർഡിൽ നിർമിച്ച കപ്പലിൽ നൂതനമായ വാർത്താവിനിമയ സാങ്കേതിക വിദ്യകളുണ്ട്. ഇരട്ട എൻജിനോടെയുള്ള അഡ്വാൻസ് ലൈറ്റ് ഹെലികോപ്ടറുകളും ചേതക് ഹെലികോപ്ടറുകളും ഉയർന്ന വേഗതയുള്ള ബോട്ടുകളും വഹിക്കാൻ ശേഷിയുള്ളതാണ് സമർഥ്. കടലിലെ എണ്ണ ചോർച്ചയെ നേരിടുന്നതിനും ഇതിൽ സജ്ജീകരണങ്ങളുണ്ട്. ഗോവ കേന്ദ്രമായ കപ്പൽ മുംബൈ കേന്ദ്രമായുള്ള പടിഞ്ഞാറൻ തീരസംരക്ഷണ സേനാ കമാൻഡർക്ക് കീഴിലാണുള്ളത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ.ആർ ദീപക് കുമാറാണ് കപ്പലിെൻറ കമാൻഡിങ് ഒാഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
